ന്യൂ ഡല്‍ഹി: കൊറോണവൈറസിനെതിരെ പോരാടുന്നതിനായി റെക്കോര്‍ഡ് സമയംകൊണ്ട് പൊതു-സ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യസേതു ആപ്പ് നിര്മിച്ചെടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചതെന്നതില്‍ മന്ത്രാലയങ്ങള്‍ക്ക് ഒരു അറിവുമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം.
മന്ത്രാലയങ്ങള്‍ ഇതുസംബന്ധിച്ച വിവരം നല്‍കാത്തതില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. ആപ്പുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ ഇതിനോടകം തന്നെ പൊതുമണ്ഡലത്തില്‍ ഉണ്ടെന്നും സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചു.
21 ദിവസത്തോളമെടുത്ത് റെക്കോര്‍ഡ് സമയംകൊണ്ടാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചെടുത്തത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണിത്. വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യ സേതു ആപ്പ് ആരംഭിച്ചതെന്ന് ഏപ്രില്‍ രണ്ടിന് പത്രക്കുറിപ്പുകളിലൂടെയും സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെയും അറിയിച്ചതായി സര്‍ക്കാര്‍ വിശദീകരണ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് ‘ഒഴിഞ്ഞുമാറുന്ന മറുപടി’യാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യസേതു ആപ്പിന്റെ നിര്‍മാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശ കമ്മീഷന് പറഞ്ഞു. ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും നാഷണല്‍ ഇ-ഗവേണ്‍സ് ഡിവിഷനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന് കാരണംകാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.
നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതു വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ ആപ്പ് ആര് നിര്‍മിച്ചു എന്ന് തങ്ങള്‍ക്കറിയില്ല എന്നാണ് വിവരാവകാശ ചോദ്യത്തിന് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും നല്കിയ മറുപടി. സാമൂഹ്യപ്രവര്‍ത്തകനായ സൗരവ് ദാസ് ആണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്.