ന്യൂ ഡല്‍ഹി: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ഫ്രാന്‍സിന് പിന്തുണയറിയിച്ച് ഇന്ത്യ. ഒപ്പം ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെയുള്ള തുര്‍ക്കി പ്രസിഡന്റ് റെജബ് ത്വയിബ് എര്‍ദൊഗാന്റെ പരാമര്‍ശത്തെ അപലപിക്കുകയും ചെയ്തു.
‘അന്താരാഷ്ട്ര ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ലോകത്തെ ഞെട്ടിച്ച ഒരു ഫ്രഞ്ച് അധ്യാപകന്റെ ജീവനെടുത്ത ക്രൂരമായ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങളോടും ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുന്നു,’ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഫ്രാന്‍സിനെതിരെ എര്ദൊഗാന് നിരോധനാഹ്വാനം നടത്തിയിരുന്നു. ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചാണ് എര്‍ദൊഗാന്റെ ആഹ്വാനം.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതര്‍ക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും എര്ദൊഗാന് അങ്കാറയില്‍ നടന്ന ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് പരസ്യമായി വിലക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ മാക്രോണിന്റെ മാനസികനില പരിശോധിക്കണമെന്ന് എര്ദൊഗാന് പരിഹസിച്ചിരുന്നു.
അധ്യാപകന് സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ റാഡിക്കല്‍ ഇസ്ലാമിസത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മക്രോണ്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം സമുവേല്‍ പാറ്റിയെ പരമോന്നത ബഹുമതി നല്കി ആദരിക്കവെ മക്രോണ്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. പ്രവാചകനെക്കുറിച്ചുള്ള കാര്ട്ടൂണുകള് ഫ്രാന്‍സില്‍ ഒരിക്കലും പിന്‍വലിക്കില്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ അറിയിച്ചത്.
പാരീസിലെ സൊര്‍ബോണ്‍ സര്‍വകലാശാലയില്‍ സാമുവല്‍ പാറ്റിയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വെച്ച് സാമുവേല്‍ പാറ്റിക്ക് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലെജിയന്‍ ഓഫ് ഹോണര്‍ പുരസ്കാരം നല്കി മക്രോണ്‍ ആദരിച്ചു. ജനാധിപത്യത്തേയും മതേതരത്തത്തെയും ഭയപ്പെടുന്ന ഭീരുക്കളാണ് സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതെന്നും ഫ്രാന്‍സ് പ്രസിഡന്റ് പറഞ്ഞു.