ന്യൂ ഡല്‍ഹി: കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് കൊല ചെയ്യപ്പെട്ട ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ വിധവയുടെ കത്ത് – എഎൻഐ റിപ്പോർട്ട്.
2005 ൽ യുപി ഗാസിയാപൂരിൽ വച്ചാണ് കൃഷ്ണാനന്ദ് റായ് കൊല ചെയ്യപ്പെടുന്നത്. പ്രതി മുക്താർ അൻസാരിയെ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ സംരക്ഷിക്കുന്നുവെന്ന ആവലാതിയാണ് പ്രിയങ്കയ്ക്കുള്ള കത്തിൽ റായിയുടെ വിധവ നിരത്തുന്നത്.
കൊലപാതക കേസിൽ കോടതി മുമ്പാകെ ഹാജരാകാൻ കോടതി ഉത്തരവുകളുണ്ടായിട്ടും പ്രതി അൻസാരി ഹാജരാകുന്നില്ല. കോടതി സമൻസുകളയച്ചിട്ടും ഹാജരാകാത്ത പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാം. പക്ഷേ താങ്കളുടെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് സർക്കാരിൻ്റെ പൊലീസ് ഇതിന് തയ്യാറല്ല. താങ്കളും രാഹുൽ ഗാന്ധിയും അറിയാതെ പഞ്ചാബ് പൊലീസ് മുക്താർ അൻസാരിയെ സംരക്ഷിക്കില്ലെന്നത് ആർക്കുമറിയാവുന്നതാണ്- കത്ത് പറയുന്നു.
2019 ൽ മറ്റു കൊലപാതക കേസുകളിൽ ബിഎസ്പി നേതാവ് മുക്താർ അൻസാരിയെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ 2015ൽ ഗാസിയപൂർ ബിജെപി എംഎൽഎയായിരുന്ന റായിയെ ബിഎസ്പി നേതാവ് മുക്താർ അൻസാരി വെടിവച്ചു കൊന്നുവെന്നാണ് കേസ്.
പ്രസ്തുത കേസിൻ്റെ വിചാരണ ഇനിയും പുരോഗമിച്ചിട്ടില്ല. ഇതിനു കാരണമായി കൊലചെയ്യപ്പെട്ട എംഎൽഎയുടെ കുടുംബം ചൂണ്ടികാണിക്കുന്നത് അൻസാരിക്ക് പഞ്ചാബിൽ കോൺഗ്രസ് സർക്കാർ സംരക്ഷണം നൽകിയിരിക്കുന്നുവെന്നതാണ്. ബിഎസ്പി മുൻ എംഎൽഎ കൂടിയായ അൻസാരി കൊടും ക്രിമിനിലാണെന്നതും പ്രിയങ്കയ്ക്കുള്ള കത്തില്‍ കൊലചെയ്യപ്പെട്ട എംഎൽഎയുടെ വിധവ ചൂണ്ടിക്കാട്ടി.