ന്യൂ ഡല്‍ഹി: പഞ്ചാബിലെ ഹോഷ്യാര്പൂരിലെ പീഡനത്തില്‍ ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. പഞ്ചാബ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ പോലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് പറഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനോ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനോ ശ്രമിച്ചിട്ടില്ല. അത്തരം എന്തെങ്കിലും സംഭവം ഉണ്ടായാല്‍ താനവിടെ പോകുമെന്നും നീതിക്കായി പോരാടുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ പഞ്ചാബിലെ പീഡനത്തില്‍ മൗനം പാലിക്കുന്നെന്നായിരുന്നു ബിജെപി ആരോപണം. തെരഞ്ഞെടുക്കപ്പെടുന്ന പീഡനക്കേസുകളില്‍ മാത്രമാകും രാഹുലിന്റെ പ്രതികരണമെന്നും ബിജെപി വിമര്‍ശിച്ചിരുന്നു.
പ്രകാശ് ജാവദേക്കര്‍, നിര്‍മ്മല സീതാരാമന് ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെതിരെ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍ ബാധിക്കപ്പെട്ടവരെ സന്ദര്‍ശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ അനീതിക്കെതിരെ മാത്രമാണ് വിമര്‍ശനമെന്നുമായിരുന്നു വിമര്‍ശനം.
പഞ്ചാബിലെ ഹോഷ്യാര്പൂരിലെ താന്ഡ ഗ്രാമത്തിലാണ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ട് കൊന്നത്. ഒക്ടോബര്‍ 22നായിരുന്നു സംഭവം. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ പ്രതികളുടെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്.