ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റിലായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നവംബര്‍ 20 വരെ നീട്ടാന്‍ കര്‍ക്കാര്‍ദുമ കോടതി ഉത്തരവിട്ടു.
നിയമാനുസൃതം ഇരുവരെയും അവരുടെ സെല്ലുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കണമെന്നും തിഹാര്‍ ജയിലിലെ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്കി.
പൊലീസ് തന്നെ സെല്ലിനകത്തു നിന്ന് പുറത്തിറങ്ങാനോ ഒരാളെ പോലും കാണാനോ അനുവദിച്ചില്ലെന്ന് ഉമര്‍ ഖാലിദ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സുരക്ഷ എന്നു പറയുന്നത് ഇതുപോലെ ശിക്ഷിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അഡീഷണല്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ സെപ്റ്റംബര്‍ 13നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.