ന്യൂഡല്‍ഹി: ജിയോയുടെ വെബ് ബ്രൗസര്‍ പുറത്തിറക്കി. ‘ജിയോ പേജസ്’ എന്നാണ് പുതിയ ബ്രൗസറിന് പേര് നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് വെബ് ബ്രൗസര്‍ പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്പന ചെയ്തിരിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു.
വ്യക്തികളുടെ താല്പര്യങ്ങള്ക്ക് അനുസരിച്ചാണ് ജിയോ പേജസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ എട്ട് ഭാഷയില്‍ ബ്രൗസര്‍ ലഭ്യമാണ്. ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി എന്നീ ഭാഷകളാണ് ബ്രൗസറില്‍ ലഭിക്കുക. നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മാത്രമാണ് ബ്രൗസറുള്ളത്. വ്യക്തികള്‍ക്ക് സ്വന്തമായി സെറ്റ് ചെയ്യാവുന്ന ഹോം സ്ക്രീനില്‍, ഉപയോക്താക്കള്‍ ഗൂഗിള്‍, ബിങ്, ഡക്ക് ഡക്ക് ഗോ, യാഹൂ തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യങ്ങളുമുണ്ട്.
കൂടാതെ ഉപയോക്താക്കള്‍ക്ക് വെബ് പേജുകള്‍ പിന് ചെയ്ത് വെക്കാനുള്ള സംവിധാനവുമുണ്ട്. ഗൂഗിള്‍, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഓപെര സോഫ്റ്റ് വെയര്‍, അഡോബി സിസ്റ്റംസ്, ഇന്റല്‍, ഐബിഎം, സാംസങ് എന്നിവയുമായി സഹകരിച്ചാണ് ജിയോ പേജസ് തയ്യാറാക്കിയിരിക്കുന്നത്.