ന്യൂ ഡല്‍ഹി: വരുമാനവർധന ലക്ഷ്യമിട്ട് രാജ്യത്തെ 358 പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസുകളാക്കി മാറ്റി. ഇതിൽ കേരളത്തിലെ പത്തു പാസഞ്ചറുകളും ഉൾപ്പെടുന്നു. ഇവയിൽ യാത്രാനിരക്ക് ഇരട്ടിയിലധികമാവുകയും സ്റ്റോപ്പുകളുടെ എണ്ണം കുറയുകയും ചെയ്യും. തീവണ്ടിഗതാഗതം സാധാരണഗതിയിലാകുമ്പോൾ ഈ പരിഷ്കാരം പ്രാബല്യത്തിൽ വരും.
റെയിൽവേ സ്വകാര്യവത്കരണത്തിന്റെ ചുവടുപിടിച്ചാണ് പാസഞ്ചറുകൾ ലാഭകരമല്ലെന്ന വിലയിരുത്തലുകളുണ്ടായത്. ഇവയെ എക്സ്പ്രസുകളും എക്സ്പ്രസുകളെ സൂപ്പർഫാസ്റ്റുകളുമാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ദക്ഷിണ-മധ്യ റെയിൽവേ (47), ഉത്തര-പശ്ചിമ റെയിൽവേ (43), ദക്ഷിണ-പൂർവ റെയിൽവേ (36), ദക്ഷിണ റെയിൽവേ (36) എന്നിങ്ങനെയാണ് മാറ്റം.
അടുത്ത സമയക്രമപരിഷ്കരണം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ഉത്തരവിലുള്ളത്. ജൂലായിലാണ് പുതിയ ട്രെയിൻ ടൈംടേബിൾ വരേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് കാരണം നടപ്പായില്ല. ഓടുന്നതെല്ലാം സ്പെഷ്യൽ തീവണ്ടികളുമാണ്.
പാസഞ്ചറിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാണ്. എക്സ്പ്രസുകളായി മാറുമ്പോൾ ചുരുങ്ങിയ നിരക്ക് 30 രൂപയാവും. പാസഞ്ചറുകളിൽ സ്ലീപ്പർ, എസിയും ഉൾപ്പെടെയുള്ള കോച്ചുകൾ വരും. വേഗംകൂടുന്നതോടെ യാത്രക്കാർക്ക് സമയലാഭവും ഉണ്ടാവും.