വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് സെര്‍ച്ച് കുത്തക നിലനിര്‍ത്താന്‍ കോംപറ്റീഷന്‍ നിയമം ലംഘിച്ചെന്നാരോപിച്ച് ഗൂഗിളിനെതിരെ കേസ്. യുഎസ് ഗവണ്മെന്റിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഓരോ വര്‍ഷവും തങ്ങളുടെ സെര്‍ച്ച് എഞ്ചിന് ബ്രൗസറുകളില്‍ ഡീഫാള്‍ട്ട് ഓപ്ഷന് ആയി നിലനിര്‍ത്തുന്നതിനായി ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ ചെലവാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം ഡീലുകള്‍ ഇന്റര്‍നെറ്റ് ഗേറ്റ് കീപ്പര്‍ എന്ന സ്ഥാനം ഗൂഗിളിന് നല്‍കിയിരിക്കുന്ന നിലയാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയിലെ 80 ശതമാനം സെര്‍ച്ചുകളും നടക്കുന്നത് ഗൂഗിളിലാണ്.
ഉപയോക്താക്കളുടെ അവസരങ്ങള്‍ കുറച്ചും, സ്വകാര്യതയും ഡാറ്റ സംരക്ഷണവും ഇല്ലാതാക്കിയുമാണ് ഗൂഗിളിന്റെ ഡീലുകളെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഗൂഗിളിനെ കൂടാതെ ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ എന്നിവയ്ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഈ പരാതി. വീണ്ടും അധികാരത്തിലേറിയാല്‍ ഐടി മേഖലയില്‍ ട്രംപ് ഭരണകൂടം ശക്തമായ സ്വാധീനം ചെലുത്തുമെന്നതിന്റെ സൂചനയാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കമ്പോളത്തിലെ മത്സരത്തിനനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉപയോക്താക്കള്‍ക്കാണ് പ്രാധാന്യം നല്കുന്നതെന്നുമാണ് ഗൂഗിളിന്റെ പ്രതികരണം. ആരും നിര്‍ബന്ധിച്ചിട്ടല്ല ജനങ്ങള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത്. ജനങ്ങളാണ് ഗൂഗിളിനെ തെരഞ്ഞെടുത്തത്. മറ്റൊരു സംവിധാനം കണ്ടെത്താതിനാല്‍ അവരിത് ഉപയോഗിക്കുന്നു- കമ്പനി അധികൃതര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനും ഗൂഗിളിനെതിരെ നിയമ നടപടികളെടുക്കാന്‍ ഒരുങ്ങുകയാണ്. യൂറോപ്യന്‍ കമ്മീഷന്റെ ആവശ്യമനുസരിച്ച് 8.2 ബില്യണ്‍ യൂറോ പിഴയിട്ടതിനെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 2017-ല്‍ ഷോപ്പിംഗ് റിസള്‍ട്ടുമായി ബന്ധപ്പെട്ട് 2.4 ബില്യണ്‍ യൂറോ, 2018-ല്‍ സ്വന്തം ആപ്പുകള്‍ പ്രൊമോട്ട് ചെയ്യാന്‍ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചെന്നാരോപണവുമായി ബന്ധപ്പെട്ട് 4.3 ബില്യണ്‍ യൂറോ എന്നിവയാണ് യൂറോപ്പില്‍ ഗൂഗിളിന് ഏര്‍പ്പെടുത്തിയ പിഴ.