വായ്നാറ്റത്തെ പേടിച്ച് സംസാരിക്കാന്‍ മടി കാട്ടുന്നവരാണോ നിങ്ങള്‍ ?മഞ്ഞ നിറമുള്ള പല്ലുകളെ പേടിച്ച് മനസ് തുറന്ന് ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരാറുണ്ടോ… എങ്കില്‍ നിങ്ങളിത് തീര്‍ച്ചയായും വായിച്ചിരിക്കണം. ഇതിനൊക്കെ പ്രധാന കാരണം ദന്ത ശുചിത്വമില്ലായ്മ തന്നെയാണ്.
ശരിയായ ദന്ത സംരക്ഷണം ദോഷം വരുത്തുന്നില്ലെങ്കിലും കാലക്രമേണ ഇത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാവും. മോണരോഗങ്ങള്‍, പല്ലുവേദന, വായ്നാറ്റം, പല്ലുകളില്‍ പ്ലാക്കുകളും കറകളും അടിഞ്ഞുകൂടല്‍, തുടങ്ങിയ പ്രശ്നങ്ങളെല്ലാം പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. എന്നാല്‍ കൃത്യമായ സംരക്ഷണ കൊണ്ട് നമുക്ക് ഈ പ്രശ്നങ്ങളെയെല്ലാം എളുപ്പത്തില്‍ മറികടക്കാം. ഇതിനായി ചില അടിസ്ഥാന ദന്ത ശുചിത്വ ശീലങ്ങള്‍ നാം പതിവാക്കണം. അവ എങ്ങനെയാണെന്ന് നോക്കാം.
* ബ്രഷിംങ്
ദന്ത ശുചിത്വത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ബ്രഷിങ്ങ് അഥവാ പല്ലു തേയ്പ്പിനെ കുറിച്ച് തന്നെ. ദിവസത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും പല്ല് തേയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല്ലുകളില്‍ ഉണ്ടാകുന്ന പകുതിയിലേറെ പ്രശ്നങ്ങള്‍ക്കും ബ്രഷിംങ് ഒരു പരിഹാരമാണ്.
ദിവസത്തില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും പല്ല് തേയ്ക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് ദന്തരോഗ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. രാവിലെ ഉറക്കമെണീറ്റ ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനു മുന്‍പും, രാത്രി അത്താഴം കഴിച്ചതിനുശേഷം കിടക്കയിലേക്ക് പോകുന്നതിനു മുന്‍പും പല്ലുകള്‍ നന്നായി ബ്രഷ് ചെയ്യണം. ഇതിനായി സോഫ്റ്റ് മീഡിയം അല്ലെങ്കില്‍ അള്‍ട്രാ ബ്രിസ്റ്റഡ് ടൂത്ത് ബ്രഷ് ഉപയോഗിക്കാം. വിപണികളില്‍ ഇന്ന് വിലകൂടിയ ഇലക്ട്രോണിക് ബ്രഷുകള്‍ മുതല്‍ സാധാരണ നോര്‍മ്മല്‍ ടൂത്ത് ബ്രഷുകള്‍ വരെ ലഭ്യമാണ്. ബ്രഷുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണം, വിലയിലല്ല കാര്യം. ഏത് തരത്തിലുള്ള ബ്രഷാണെങ്കിലും പല്ലുകളുടെ ആവശ്യകതകള്‍ അറിഞ്ഞ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
* ഫ്ലോസിംഗ്
ഫ്ലോസിംഗ് ‘ വാക്കു കേട്ടു ഞെട്ടേണ്ട കാര്യമൊന്നുമില്ല. ഇത് വളരെ ലളിതമായ രീതിയാണ്. ഒരു വ്യക്തി ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍, ഭക്ഷ്യകണികകള്‍ പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയാല്‍ നമ്മളില്‍ പലരും ഒരു ടൂത്ത്പിക്ക് ഉപയോഗിച്ചാണ് ഇന നീക്കം ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പിന് ഉപയോഗിച്ച് പല്ലുകള്ക്കിയയില് കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യുന്നവരും കുറവല്ല. എന്നാല്‍ ഇത് വളരെ അപകടകരമായ രീതിയാണ്.
ടൂത്ത്പിക്ക് ആണെങ്കിലും പിന് ആണെങ്കിലും നമ്മുടെ മോണയ്ക്ക് ദോഷം വരുത്തുമെന്നും പല്ലുകള്‍ക്കിടയില്‍ അനാവശ്യമായ വിടവ് സൃഷ്ടിക്കുമെന്നുമുള്ള വസ്തുത അധികം ആളുകള്‍ക്കും അറിവുണ്ടാവില്ല. ഇതിന് പകരാണ് ഫ്ലോസിംഗ്. യഥാര്‍ത്ഥത്തില്‍ ടൂത്ത്പിക്ക് ഉപയോഗിക്കുന്നതിനു പകരം ആളുകള്‍ ഫ്ലോസിംഗിലേക്ക് മാറണം. മെഴുക്കുള്ള നേര്‍ത്ത നൂലിന്റെ രൂപത്തില്‍ ലഭ്യമാകുന്ന ഡെന്റല്‍ ഫ്ലോസുകളാണിവ. പല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഭക്ഷണത്തെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.
നൂലുകളുടെ രൂപത്തിലും അല്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് ഹാന്‍ഡിലിനോടൊപ്പവും ഇത് ലഭ്യമാണ്. ഏറ്റവും നേര്‍ത്തതായതുകൊണ്ടു തന്നെ ഓരോ തവണയും ആഹാരം കഴിച്ചതിന്ശേഷം നിങ്ങളുടെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളെ എളുപ്പത്തില്‍ നീക്കം ചെയ്യാനായി ഇവ ഉപയോഗിക്കാം.
* മൗത്ത് വാഷ്
മൗത്ത് വാഷുകള്‍ നിങ്ങളുടെ പല്ലുകളെ വൃത്തിയാക്കില്ല. എന്നാല്‍ മൗത്ത് വാഷ് നിങ്ങളുടെ വായില്‍ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ കുറയ്ക്കാനും വായ്നാറ്റം ഇല്ലാതാക്കാനും സഹായിക്കുന്നു. വായ്നാറ്റം, മോണരോഗം, മോണകളിലെ വീക്കം, ക്യാവിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താനും ഇവ ഒരു പരിധിവരെ സഹായിക്കുന്നു.
വിപണിയില്‍ പല തരത്തിലുള്ള മൗത്ത് വാഷുകള്‍ ലഭ്യമാണ്. ഏതൊരു മൗത്ത് വാഷാണെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് വെളളത്തോടൊപ്പം ചേര്‍ത്ത് നേര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ മൗത്ത് വാഷുകളുടെ അമിത ഉപയോഗം നിങ്ങളുടെ നാവിന്റെ രുചിമുകുളങ്ങളെ നഷ്ടപ്പെടുന്നതിന് കാരണമാവും.
* നാവ് വൃത്തിയാക്കല്‍
ദന്ത ശുചിത്വം പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് നാവ് വൃത്തിയാക്കല്‍. രുചിഭേദങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇന്ദ്രിയമായ നാവ് വൃത്തിയാക്കേണ്ടത് ദന്താരോഗ്യത്തിന്റെ ഒരു പ്രധാന വശമാണ്. ബ്രഷ് ചെയ്യുന്നതിനോടൊപ്പം നാവ് കൂടി പതിവായി ക്ലീന്‍ ചെയ്യേണ്ടതുണ്ട്. മെറ്റാലിക്, പ്ലാസ്റ്റിക് ടങ് – ക്ലീനറുകള്‍ ഇന്ന് മിക്ക കടകളിലും എളുപ്പത്തില്‍ ലഭ്യമാണ്. ചില ടൂത്ത് ബ്രഷുകളുടെ പിന്‍ഭാഗത്തായി ഒരു നോണ്‍-ബ്രിസ്റ്റല്‍ ടങ്ക് ക്ലീനറുകളും ഉണ്ടാവും. ഇതും ഉപയോഗപ്പെടുത്താം.