തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചു.
അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്. പ്രവേശനം 19 മുതൽ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.
അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം ഒഴിവുണ്ടെങ്കിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.