ചെന്നൈ: നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമൽഹാസന് കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്ഹാസന് കഴിയില്ല, ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും അളഗിരി കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ താരസാന്നിധ്യമായ ഖുശ്ബു ബിജെപി യിലേക്ക് ചേക്കേറിയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമൽഹാസനെ യുപിഎയിലേക്ക് ക്ഷണിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ ചൂട് പിടിക്കുകയാണ്.