ഹൈദരാബാദ്: സുപ്രീംകോടതി ജഡ്ജി എൻവി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗമോഹൻ റെഡി ആരോപണങ്ങൾ ഉന്നയിച്ചതോടെ തെലുങ്കുദേശം പാർട്ടി നേതാവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു മാളത്തിലൊളിച്ചിരിക്കുകയാണെന്ന് ആന്ധ്ര ചീഫ് വിപ്പ് ഗദികോട്ട ശ്രീകാന്ത് റെഡി.
ജസ്റ്റിസ് രമണക്കെതിരെ ആക്ഷേപമുന്നയിച്ച് ചിഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്ക് ഒക്ടോബർ 11 നാണ് മുഖ്യമന്ത്രി ജഗമോഹൻ റെഡി കത്തയച്ചത്. അഴിമതികേസുകളിലുൾപ്പെട്ട തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവടക്കമുള്ളവരെ രക്ഷിയ്ക്കാൻ ജസ്റ്റിസ് രമണ ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ജഗമോഹൻ കത്തിൽ ഉന്നയിച്ചിട്ടുള്ളത്. അടുത്ത ചിഫ് ജസ്റ്റിസ് ആകേണ്ടത് ജസ്റ്റിസ് രമണയാണ്.
Also Read: “ജസ്റ്റിസ് രമണയ്ക്കെതിരെ നടപടി വേണം; സിജെഐക്ക് കത്തെഴുതി ആന്ധ്രാ മുഖ്യമന്ത്രി“
ചന്ദ്രബാബു നായിഡു എവിടെ? അദ്ദേഹം എന്താണിപ്പോൾ ചെയ്യുന്നത്? ആരോടാണിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്? എന്താണ് നായിഡു സംസാരിക്കുന്നത്? കാര്യങ്ങളൊന്നും നായിഡു ജനങ്ങളോട് പറയുന്നില്ല. പക്ഷേ ജനങ്ങൾക്ക് എല്ലാമറിയാമെന്ന് ചീഫ് വിപ്പ് പറഞ്ഞു- എഎൻഐ റിപ്പോർട്ട്.
അമരാവതി തലസ്ഥാന നിർമ്മാണ പദ്ധതിയിൽ നായിഡുവും സംഘവും കോടികളുടെ അഴിമതി നടത്തി. പക്ഷേ അത് തങ്ങളുടെ സർക്കാരിൻ്റെ തലയിൽ കെട്ടി വയ്ക്കുവാനുള്ള ശ്രമത്തിലാണ്. അമരാവതി ഭൂമി ഇടപ്പാടിൽ സിബിഐ അന്വേഷണത്തെ ഭയക്കുകയാണ് നായിഡുവും സംഘവും.
അമരാവതിയിൽ അവർ നടത്തിയ വൻ അഴിമതികൾ സിബിഐ അന്വേഷണത്തിലൂടെ വെളിച്ചത്തുവരും. അതിനാലാണ് സിബിഐ അന്വേഷണത്ത ഭയക്കുന്നതെന്ന് ജനങ്ങൾക്ക് നന്നേ ബോധ്യമായിട്ടുണ്ടെന്നും ചിഫ് വിപ്പ് ശ്രീകാന്ത് റെഡി പത്ര സമ്മേളനത്തിൽ പറഞ്ഞു.