ന്യൂ ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ കാരവാന് റിപ്പോര്‍ട്ടര്‍ക്ക് നേരെ പൊലീസിന്റെ ആക്രമണം. 14 വയസ്സുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ നടത്തുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കാരവന് മാസികയുടെ റിപ്പോര്‍ട്ടര്‍ അഹാന് ജോഷ്വാ പെങ്കറി(24)ന് നേരയാണ് പൊലീസിന്റെ അതിക്രമം നടന്നത്.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അഹാനെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെ പൊലീസ് തടഞ്ഞുവയ്ക്കുകയും പിന്നീട് എസിപി അജയ് കുമാര്‍ എത്തി മര്‍ദ്ദിക്കുകയും ചെയ്തെന്ന് അഹാന് പറഞ്ഞു. അഹാന് പുറമെ 22 കാരനായ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി രവീന്ദര്‍ സിങ്ങിന് നേരെയും അതിക്രമം നടന്നു. രവീന്ദറിനെ എസിപി അടിക്കുകയും തലപ്പാവ് അഴിച്ചുമാറ്റുകയും ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോഴും പൊലീസ് മര്‍ദ്ദനം തുടര്‍ന്നെന്നും പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ഡിയു വിദ്യാര്‍ത്ഥി രാജ് വീര്‍ കൗര്‍ പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളില്‍ ആക്രമിക്കപ്പെടുന്ന നാലാമത്തെ കാരവാന് റിപ്പോര്‍ട്ടറാണ് അഹാനെന്ന് എഡിറ്റര്‍ വിനോദ് കെ ജോസ് പ്രതികരിച്ചു. കാരവന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ മറ്റ് മൂന്ന് ആക്രമണങ്ങളും ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലായിരുന്നു.