സൗദി- ഹൂതി പോരാട്ടം അറബ് മേഖലയിൽ അശാന്തിയുടെ ചരിത്രമാണ് അവശേഷിപ്പിക്കുന്നത്. ലോകത്തിലെ അതിദാരുണമായ മാനുഷിക പ്രതിസന്ധിയായാണ് ഐക്യരാഷ്ട്രസഭ സൗദി- ഹൂതി പോരാട്ടത്തെ അടയാളപ്പെടുത്തുന്നത്.
വിമതപക്ഷങ്ങളുടെ പോരാട്ടത്തിൽ പൊറുതിമുട്ടിയ യെമൻ അനുരജ്ഞനത്തിൻ്റെ പാതയിലേറുന്നതിൻ്റെ ശുഭസൂചനകളിലാണ്. പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന സംഘങ്ങൾ പരസ്പരം തടവുകാരെ കൈമാറ്റം ചെയ്യാൻ തയ്യാറാകുന്നതിൻ്റെ ആദ്യ നടപടികൾ ആരംഭിച്ചിരിക്കുന്നു. യെമൻ അശാന്തിയിലേക്ക് വഴുതിവീണതിൻ്റെ രാഷ്ട്രീയ പിന്നാമ്പുറം സംഭംവബഹുലമാണ്.
അറബ് വസന്ത അനുരണനങ്ങൾ
ടുണീഷ്യൻ ‘അറബ് വസന്ത’ മുന്നേറ്റം വടക്കൻ ആഫ്രിക്കൻ- മിഡിൽ ഈസ്റ്റ്റ്റ് അറബ് രാഷ്ട്ര ഭരണാധികളുടെ ദീർഘകാല ഭരണത്തിനെതിരെ ജനസഞ്ചയത്തിൻ്റെ ഐക്യപ്പെടലായി പരിണമിക്കുകയായിരുന്നു. ഈജിപ്തിൽ ഹോസ്നി മുബാറക്ക്. ലിബിയയിൽ കേണൽ ഖദ്ദാഫി. സിറിയയിൽ അൽ-ബഷർ – അസദ്. യെമനിൽ അലി അബദുള്ള സലേ. ഇവരെല്ലാം അറബ് വസന്തത്തിൻ്റെ ‘ഇര’കളായി മാറുന്ന കാഴ്ചയ്ക്കാണ് സമകാലിക ലോകം സാക്ഷ്യം വഹിച്ചത്.
യെമൻ വിപ്ലവത്തിന് മുമ്പ് വടക്കൻ യെമൻ അഥവാ യെമൻ അറബ് റിപ്പബ്ലിക്ക് വിപ്ലവത്തിൽ പ്രസിഡൻറ് അഹമ്മദ് അൽ ഖഷമി വധിക്കപ്പെട്ടു. 1978 ജൂലായ് മുതൽ 1990 മെയ് വരെ യെമൻ അറബ് റിപ്പബ്ലിക്ക് പ്രസിഡൻ്റ് അലി അബ്ദുള്ള സലേ ആയിരുന്നു.
യെമൻ വിപ്ലവത്തിനു ശേഷം 1990 മെയ് 22 ന് തെക്ക്- വടക്ക് യെമനുകൾ ഏകീകരിക്കപ്പെട്ടുണ്ടായ സ്വതന്ത്ര യെമനിലും ആദ്യ പ്രസിഡൻ്റ് അലി അബ്ദുള്ള സലേ തന്നെ. 1978 ജൂലായ്- 1990 മെയ്- 2012 ഫെബ്രുവരി 25 വരെ സലേ ഭരണത്തിൽ തുടർന്നു. തുടർച്ചയായി സലേ യെമൻ ഭരിച്ചത് 34 വർഷം. ദീർഘകാലമായുള്ള സലേയുടെ ഭരണം യെമനികളെ പാടെ അസംതൃപ്തരാക്കി. തൊഴിലില്ലാഴ്മ, സാമ്പത്തിക തകർച്ച, അഴിമതി, സ്വജനപക്ഷപാതം. സലേ ഭരണത്തിനെതിരെ യമനികൾ തക്കംപാർത്തിരുന്നു.
ടുണീഷ്യൻ മുല്ലപൂവ് വിപ്ലവം അറബ് വസന്തമായപ്പോള്‍ അതിൻ്റെ ആദ്യഇടിമുഴക്കത്തിൽ ആടിയുലഞ്ഞത് യെമൻ. 2011ല്‍ അറബ് വസന്തത്തെ യെമനികൾ സലേക്കെതിരെയുള്ള അപൂർവ്വ അവസരമാക്കിമാറ്റി.
ജനകീയ മുന്നേറ്റത്തിൽ സലേക്ക് പ്രസിഡൻ്റു സ്ഥാനം ഒഴിയേണ്ടിവന്നു. പകരം വൈസ് പ്രസിഡൻ്റായിരുന്ന അബ്ദുൽ റബ്ബ് മൻസൂർ ഹാദി പ്രസിഡൻ്റ്. അധികാരഭൃഷ്ടനാക്കപ്പെട്ട അലി അബ്ദുള്ള സലേ പക്ഷേ വെറുതെയിരുന്നില്ല. ശത്രുവായി മാറിയ തൻ്റെ മുൻ കൂട്ടാളി റബ്ബ് മൻസൂർ ഹാദിയെ പ്രസിഡൻ്റു സ്ഥാനത്ത് നിന്ന് തുടച്ചുമാറ്റാൻ സലേ കച്ചകെട്ടിയിറങ്ങി. ഇത് പക്ഷേ യെമനിൽ മറ്റൊരു ആഭ്യന്തര യുദ്ധത്തിനാണ് വഴിമരുന്നിട്ടത്. ഇതോടെ ഇറാൻ പിന്തുണയുള്ള വിമതപക്ഷം ഹൂതികൾ യെമനിൽ ശക്തരാകാൻ തുടങ്ങി.
സലേ, തന്നെ പുറത്താക്കി അധികാരത്തിലേറിയ റബ്ബ് മൻസൂർ ഹാദിക്കെതിരെ പുതിയ മിത്രമായി ഹൂതികളെ കണ്ടു. പക്ഷേ സലേ കരുതിയ പോലെ ഹൂതികൾ സലേയുടെ താളത്തിന് നിന്നുകൊടുക്കുന്നവരായിരുന്നില്ല. സലേയെ പിന്തുണച്ച് തന്ത്രപരമായി യെമനിൻ്റെ അധികാരം പൂർണമായും പിടിക്കുകയെന്നതാണ് ഹൂതികൾ ലക്ഷ്യമിട്ടത്. ഇതിനായി ഹൂതികളെ പിന്തുണയ്ക്കാൻ ഇറാൻ കളത്തിലിറങ്ങി. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള സൗദി പിന്തുണയുള്ള റബ്ബ് മൻസൂർ ഹാദി ഭരണകൂടത്തെ തലസ്ഥാനമായ സനയിൽ നിന്ന് 2014 അവസാനത്തോടെ ഹൂതികൾ പുറത്താക്കി. യെമൻ തലസ്ഥാനം സനയുൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഹൂതികൾ പിടിച്ചടക്കി. ഇതോടെയാണ് യെമൻ ആഭ്യന്തര സംഘർഷത്തിൽ കൊടുമ്പിരികൊണ്ടത്.
Also Read: “യമൻ; ഹൂതികൾക്കെതിരെ വ്യോമാക്രമണ പരമ്പര“
ഹൂതി ഇറാൻ്റെ ഇടപ്പെടൽ പക്ഷേ യെമൻ അയൽ രാഷ്ട്രം സൗദിയെ ചൊടിപ്പിച്ചു. യെമൻ ആഭ്യന്തര യുദ്ധത്തിൽ പിന്നെ കാണുന്നത് ആഭ്യന്തര കക്ഷികൾ തമ്മിലുള്ള നേരിട്ടുള്ള യുദ്ധമല്ല. പകരം ഇറാൻ- സൗദി നിഴൽ യുദ്ധം.
യെമൻ പ്രസിഡൻ്റായിരുന്ന അബ്ദുൽ റബ്ബു മൻസൂർ ഹാദി ഇപ്പോൾ സൗദി സംരക്ഷണത്തിലാണ്. ഹൂതികളെ തുരത്തി മൻസൂർ ഹാദിയെ യമനിൽ പുനഃവരോധിക്കുകയെന്നതാണ് സൗദി ഭരണകൂടത്തിൻ്റെ ആത്യന്തിക ഉന്നം. ഹൂതികൾക്കുള്ള ഇറാൻ്റെ സജീവ പിന്തുണയാണ് ഈ ഉന്നം പക്ഷേ സുസാധ്യമാക്കപ്പെടുന്നതിന് തടസ്സമായി വർത്തിക്കുന്നത്.
ആദ്യന്തര യുദ്ധം ദുരന്തം
2015 മാർച്ചിൽ സൗദിക്ക് പാശ്ചാത്യ പിന്തുണ കൂടിയായപ്പോൾ അത്യാധുനിക ആയുധ പ്രയോഗങ്ങളിലേക്ക് വേഗത്തിൽ വഴിമാറുകയായിരുന്നു യെമൻ ആഭ്യന്തര സംഘർഷം. പതിനായിരങ്ങളുടെ ചോര ചിന്തിയ ആഭ്യന്തര യുദ്ധത്തിന് വർത്തമാനകാല ലോകം സാക്ഷി. മേഖലയിലെ സൗദി- ഹൂതി പോരാട്ടം ഇതിനകം ഒരു ലക്ഷത്തിലധികം ജനങ്ങളെകൊന്നൊടുക്കിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. സൗദി- ഹൂതി പോരാട്ടത്തെ ലോകത്തിലെ അതിദാരുണമായ മാനുഷിക പ്രതിസന്ധിയായി ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു.
ആഭ്യന്തര യുദ്ധം തകര്‍ത്ത യെമന്‍ കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലെന്ന് ഐക്യരാഷ്ട്രസഭ ഹ്യുമാനിറ്റേറിയിന്‍ സെല്‍ മേധാവി. 3.4 ദശലക്ഷം യുഎസ് ഡോളര്‍ സഹായത്തിനായ് ഐക്യരാഷട്ര സഭ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ 30 ശതമാനം ഏകദേശം ഒരു ദശലക്ഷം ഡോളര്‍ മാത്രമാണ് ലഭിച്ചത്. സാമ്പത്തിക സഹായം അനിവാര്യമെന്നരിക്കെ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് എന്നീ രാഷ്ട്രങ്ങള്‍ ഈ വര്‍ഷം സഹായിക്കാന്‍ തയ്യാറായില്ല. ഇതാകട്ടെ യമന്‍ ജനതക്കുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളെ പാടെ താളംതെറ്റിച്ചിരിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒമ്പത് ദശലക്ഷം യമന്‍ ജനതക്ക് ഭക്ഷണമില്ല. കുടിവെള്ളമില്ല. ആരോഗ്യ സംരക്ഷണമില്ല. ഈ ദൈന്യതയാര്‍ന്നവസ്ഥയില്‍ മനുഷ്യത്വപരമായ സഹായമെത്തിക്കുന്നതിനായാണ് ഐക്യരാഷ്ട്ര സഭ ഫണ്ടുശേഖരണ അഭ്യര്‍ത്ഥന നടത്തിയത്. അറബ് ലോകത്തെ ഏറ്റവും വലിയ ദരിദ്ര രാജ്യമാണ് യെമന്‍. രണ്ട് വര്‍ഷം മുമ്പ് യെമന്‍ ഭക്ഷ്യക്ഷാമത്തെ ഏറെക്കുറെ മറികടന്നിരുന്നു. ഐക്യരാഷ്ടസഭയുടെ ഫണ്ടുശേഖരണ യജ്ഞത്തെ ഫണ്ടുദാതാക്കള്‍ കൈ അയഞ്ഞ് സഹായിക്കാന്‍ തയ്യാറായിയെന്നതാണ് ഇതിന് പിന്‍ബലമായത്.
Also Read: “യമന്‍: ഭക്ഷ്യക്ഷാമം രൂക്ഷം; ഫണ്ട് നല്‍കാതെ അറബ് രാഷ്ട്രങ്ങള്‍“
ഐക്യരാഷ്ട്രസഭ ലക്ഷ്യമിട്ട ഫണ്ടുശേഖരണത്തിന്റെ 90 ശതമാനവും ലഭ്യമാക്കപ്പെട്ടു. ഇതുമൂലം പ്രതിമാസ സഹായം എട്ട് ദശലക്ഷത്തില്‍ നിന്ന് 12 ദശലക്ഷമായി ഉയര്‍ത്താനായി. ഇതിലൂടെ ദശലക്ഷക്കണക്കിന് ജീവന്‍ സംരക്ഷിക്കുവാനായി. എന്നാലിപ്പോള്‍ ഫണ്ടു സംഭാവന ചെയ്യുന്നതില്‍ നിന്ന് ചില അറബ് രാഷ്ട്രങ്ങള്‍ മാറിനില്‍ക്കുന്നുവെന്നത് യമനിലെ ഐക്യരാഷ്ട്രസഭയുടെ മനഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ മാര്‍ക്ക് ലോക്കോക്ക് പറയുന്നു.
ആഭ്യന്തര യുദ്ധം തീർത്ത കെടുതിയെന്നോണം യെമനെ മാരകമായ കോളറ കവർന്നു. ഇപ്പോൾ കോവിഡ്19 ഉം. ജനസംഖ്യയുടെ 80 ശതമാനം വരുന്ന 24 ദശലക്ഷം യെമൻ ജനത കഴിഞ്ഞുകൂടാൻ സഹായം ആവശ്യപ്പെടുകയാണ്. 20 ദശലക്ഷം പേർക്ക് ആവശ്യമായ ഭക്ഷണമില്ല. ശുദ്ധജലമില്ല – ഐസിആർസി റീജിയണൽ ഡയറക്ടർ ഫാബ്രിജിയോ കാർബോണിയുടെ വാക്കുകൾ.
പ്രതീക്ഷ നൽകുന്ന വിട്ടുവീഴ്ച്ചകൾ
യെമനിൽ സൗദി- ഹൂതി പോരാട്ടത്തിൽ വിട്ടുവീഴ്ചകളുടെ കണികൾ പ്രത്യക്ഷപ്പെടുകയാണ്. സൗദി സഖ്യസേനയും ഇറാൻ പിന്തുണയുള്ള ഹൂതി പ്രസ്ഥാനവും തങ്ങളുടെ കസ്റ്റഡിയിലുള്ള തടവുകാരെ പരസ്പരം കൈമാറുകയാണ്. തടവുകാരെ പരസ്പരം കൈമാറാനുള്ള നടപടികളെ ആഭ്യന്തര യുദ്ധത്തിൻ്റെ അല്ലലിൽ നിന്ന് യെമൻ മെല്ലേയെങ്കിലും സാമാധാനത്തിൻ്റെ പാതയിലേറുന്നുവെന്നതിൻ്റെ ശുഭസൂചനയായി പരിഗണിക്കാവുന്നതാണ്.
2015 മുതലുള്ള യുദ്ധത്തിന് അറുതിവരുത്തുകയെന്നതിനായി ഇറാൻ പിന്തുണയുള്ള ഹൂതി പ്രസ്ഥാനവുമായി സൗദി അറേബ്യ പരോക്ഷ ചർച്ചകൾ നടത്തിയിരുന്നു. ഇതിൻ്റെ ചെറു പ്രതിഫലനമായിട്ടുവേണം തടവുക്കാരുടെ കൈമാറ്റ പ്രക്രിയ.
വിട്ടയ്ക്കപ്പെട്ട 1000 ത്തോളം തടവുക്കാരുമായി വിമാനങ്ങൾ ഇരു വിഭാഗങ്ങളുടെയുടെ നിയന്ത്രണത്തിലുള്ള മൂന്നു വിമാനതാവളങ്ങളിൽ നിന്ന് ഒക്ടോബർ 15ന് പറന്നുയർന്നതായി അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ മാസം സൗദി സഖ്യസേനയും ഹൂതികളും തമ്മിൽ സ്വിറ്റ്സര്‍ലൻ്റിൽ സമാധാന ചർച്ച നടന്നിരുന്നു. സൗദി പൗരന്മാരുൾപ്പെടെ 1081 തടവുകാരെ പരസ്പരം കൈമാറാമെന്ന് ധാരണയായി. ഇതുപ്രകാരമാണ് തടവുക്കാരെ കൈമാറുന്ന നടപടികൾ ഇരുവിഭാഗവും ആരംഭിച്ചിട്ടുള്ളത്. 2018 ഡിസംബറിൽ ചർച്ചകൾ വഴിമുട്ടിയതിനു ശേഷം ആദ്യമായാണ് പോരടിക്കുന്ന ഇരു വിഭാഗവും പരസ്പരം തടവുക്കാരെ കൈമാറുവാനുള്ള നടപടികൾ സ്വീകരിക്കുന്നത്.
ഹൂതികളുടെ കസ്റ്റഡിയിലുണ്ടായിരുന്ന സൗദി സഖ്യ തടവുകാരെ വഹിച്ച് രണ്ട് വിമാനങ്ങൾ ഹൂതി തലസ്ഥാനം സനയിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. സൗദി, സുഡാൻ തടവുകാരുമായി ഒരു വിമാനം സൗദി അറേബ്യയിലേക്ക് പറന്നു. മറ്റൊരു വിമാനം സൗദി സർക്കാർ നിയന്ത്രണത്തിലുള്ള ഹദ്രാമൗട്ട് മേഖലയിലെ സയൂൺ വിമാനത്താവളത്തിലേക്കാണ് പറന്നുയർന്നത്.
സഖ്യസേന മോചിപ്പിച്ച ഹൂതികളുമായി ഒരു വിമാനം സയൂൺ വിമാനത്താവളത്തിൽ നിന്ന് പറന്നു. വിട്ടയ്ക്കപ്പെട്ട ഹൂതിയുമായി മറ്റൊരു വിമാനം സൗദി അറേബ്യയിലെ അഭ വിമാനത്താവളത്തിൽ നിന്നാണ് ഹൂതിയിൽ പറന്നിറങ്ങിയത്.
ഇരുവിഭാഗങ്ങളും വിട്ടയച്ച തടവുക്കാരുമായി സായൂൺ, സന, അഭ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വിമാനങ്ങൾ പറന്നുയർന്നതായി ഐസിആർസി ട്വിറ്ററിൽ കുറിച്ചു. നിരവധി കുടുംബങ്ങൾ സ്വദേശങ്ങളിലേക്ക് തിരിച്ചെത്തുന്ന പ്രക്രിയ തടവുക്കാരുടെ കൈമാറ്റമെന്നതിലൂടെ സുസാധ്യമാക്കപ്പെടുകയാണ്. ഈ കൈമാറ്റ പ്രക്രിയ തികച്ചും ശ്രദ്ധേയമാണ്. കാരണം സംഘർഷം സജീവമായിരിക്കുമ്പോഴാണിത് സാധ്യമാക്കപ്പെടുന്നത്- ഇത് മിഡിൽ ഈസ്റ്റ് ഐസിആർസി റീജിയണൽ ഡയറക്ടർ ഫാബ്രിജിയോ കാർബോണിയുടെ വാക്കുകൾ.
സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് പരസ്പര വിശ്വാസം ഊട്ടിയുറിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് തടവുകാരെ കൈമാറുവാനുള്ള തീരുമാനം. ഇതനുസരിച്ച് ഇറാൻ പിന്തുണയുള്ള ഹൂതികൾ 15 സൗദി സൈനികരും നാല് സുഡാനികളുമുൾപ്പെടെ 400 ഓളം തടവുക്കാരെ വിട്ടയക്കുകയാണ്. സൗദിസഖ്യമാകട്ടെ 681 ഹൂതി പോരാളികളെ മോചിപ്പിക്കും.
ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് ഇനിയും തടവുകാരുണ്ട്. സർവ്വ തടവുകാരെയും മോചിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎൻ ആഭിമുഖ്യത്തിൽ ഉടൻ യോഗം ചേരുമെന്ന പ്രതീക്ഷയാണ് യുഎൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സ് പങ്കുവയ്ക്കുന്നത്.