തൃശൂർ :വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കാനും കുതിരാൻ തുരങ്കം തുറക്കാനാവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് പൊതുപ്രവർത്തകനായ അഡ്വ: ഷാജി കോടങ്കണ്ടത്ത് കത്തയച്ചു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് നടപടിയെടുക്കാനും ,പരാതിക്കാരന് മറുപടി നൽകാനും പ്രധാനമന്ത്രിയുടെ കാര്യാലയം ദേശീയപാതാ അതോറിറ്റിയുടെ റീജണൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
പാലക്കാട് പ്രൊജക്ട് ഓഫീസർ നൽകിയ മറുപടി പ്രകാരം ജനങ്ങളുടെ സമരങ്ങൾ മൂലമാണ് കരാർ കമ്പനിയുടെ നിർമ്മാണം അനന്തമായി നീണ്ടു പോയതെന്നും കമ്പനിയെ ധനകാര്യ സ്ഥാപനങ്ങൾ നിഷ്ക്രിയ ആസ്തിയാക്കി മാറ്റിയതെന്നുമുള്ള വിചിത്ര വാദമാണ് ഉന്നയിച്ചിരിക്കുന്നത്.
ഇത് ജനങ്ങളോടും ജനകീയ സമരങ്ങളോടുമുള്ള അധിക്ഷേപമാണ്. കിടപ്പാടം പോലും നഷ്ടപ്പെട്ടും യാത്രാദുരിതം അനുഭവിക്കുന്നവരുമായ ജനങ്ങളെ അപമാനിക്കുകയും ചെയ്യുന്ന നടപടിയാണ് ദേശീയ പാത അധികൃതർ സ്വീകരിച്ചു വരുന്നതെന്നും കാട്ടി വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിലെ വിവിധ സമരസമിതി പ്രതിനിധികളുടെ നേതൃത്വത്തിൽ പാലക്കാട് എൻ.എച്ച്.ഐ. പ്രോജക്ട് ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പൊതുപ്രവർത്തകനും ദേശീയ പാത വിഷയത്തിൽ നിയമ പോരാട്ടങ്ങൾ നടത്തുന്ന അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാർ കമ്പനിയും തമ്മിൽ നടക്കുന്ന ഒത്തുകളിയിൽ വൻ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും സി.ബി.ഐയെക്കൊണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കഞ്ചേരി ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കുതിരാൻ ജനകീയ സമരസമിതി കൺവീനർ വിഷ്ണു രവീന്ദ്രൻ സ്വാഗതം പറഞ്ഞു, എം.എ.മൊയ്തീൻ കുട്ടി, നിബു ചിറമ്പാട്ട്, റിനോൾഡ് ജോയി എന്നിവർ പ്രസംഗിച്ചു.