ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആറ് പാർട്ടികളുടെ സംയുക്ത പ്രസ്താവന. കഴിഞ്ഞ ആഗസ്റ്റിന് മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാൻ പോരാടുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് മുന്‍കയ്യെടുക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പിഡിപി നേതാവ് മഹബൂബ മുഫ്തി, സിപിഎം കേന്ദ്രകമ്മിറ്റിയംഗം മൊഹമ്മദ് യൂസഫ് തരിഗാമി, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ എന്നിവർ പ്രസ്താവനയിൽ ഒപ്പുവച്ചു.
നാഷണല്‍ കോണ്‍ഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ കഴിഞ്ഞ ദിവസമാണ് മുഖ്യധാര പ്രതിപക്ഷ പാർട്ടി അംഗങ്ങളെല്ലാം ഒത്തുചേർന്നത്. ജനസഖ്യം എന്ന പേരിലാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിന് സ്വയം ഭരണാവകാശം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 A എന്നിവ കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് കേന്ദ്രം റദ്ദു ചെയ്തിരുന്നു. ഇതിനു മുന്നോടിയായി തന്നെ എല്ലാ പ്രധാന നേതാക്കളെയും കരുതൽ തടങ്കലിലാക്കുകയും ചെയ്തു.
ഏറെ വിമർശനങ്ങൾക്കൊടുവിൽ പല ഘട്ടങ്ങളിലായാണ് പലരെയും മോചിപ്പിച്ചത്. മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി രണ്ട് ദിവസം മുമ്പാണ് കരുതൽ തടങ്കലിൽ നിന്നു മോചിതയായത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ വീണ്ടും ഒത്തുകൂടിയത്.