ഏഥൻസ്: ഗ്രീസിലെ തീവ്ര വലതുപക്ഷ ഗോൾഡൻ ഡോൺ പാർട്ടി നേതാവ് നിക്കോസ് മൈക്കലോലിയാക്കോസിന് 13 വർഷം ജയിൽ ശിക്ഷ. ഗോൾഡൻ ഡോൺ പാർട്ടി ക്രിമിനൽ സംഘടനയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് ഏഥൻസ് ക്രിമിനൽ അപ്പീൽ കോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അതിൻ്റെ നേതാവിനെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി – റഷ്യൻ ടിവി റിപ്പോർട്ട് ചെയ്യുന്നു.
നവ-നാസി വിശ്വാസങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പാർട്ടിയുടെ മറ്റ് ഉന്നത അംഗങ്ങൾക്കെതിരെയും സമാനമായ കോടതി വിധി പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. 2013 ൽ ഗ്രീക്ക് റാപ്പ് സംഗീതജ്ഞൻ പാവ്ലോസ് ഫിസ്സാസിന്റെ കൊലപാതകം. കുടിയേറ്റ മത്സ്യത്തൊഴിലാളികൾക്കെതിരായ ആക്രമണം. ഇടതുപക്ഷ പ്രവർത്തകർക്കെതിരായ ആക്രമണം. ഇപ്പറഞ്ഞ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോൾഡൻ ഡോൺ പാർട്ടി ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുണ്ടോയെന്ന് വിചാരണ വേളയിൽ കോടതി മുഖ്യമായും പരിശോധിച്ചത്.
തീവ്ര വലതുപക്ഷ പാർട്ടിയുടെ മുൻ നിയമനിർമ്മാണ അംഗങ്ങളായ 11 പേരെ അഞ്ച് മുതൽ ഏഴ് വർഷം വരെ ജയിലിലടച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് ഉയർത്ത പിടിച്ചിരുന്ന ഫിയാസസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോൾഡൻ ഡോൺ അംഗം ജോർജോസ് റൂപാകിയസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫിസ്സാസിനെ കൊലപ്പെടുത്തിയ കേസിൽ ഗോൾഡൻ ഡോൺ പാർട്ടി നേതാക്കൾക്കെതിരെ 2015 ലാണ് വിചാരണ ആരംഭിച്ചത്.
ക്രിമിനൽ സംഘത്തിന് നേതൃത്വം നൽകൽ. കൊലപാതകം. ആക്രമണം. അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കൽ. ഇപ്പറഞ്ഞ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് 60 ലധികം പ്രതികൾ ശിക്ഷിക്കപ്പെട്ടത്.
രാജ്യത്തിന്റെ തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ സമൂലമായ മാറ്റത്തിനായി നിലകൊണ്ട ഗ്രീസിലെ ഏറ്റവും ജനപ്രിയ മൂന്നാമത്തെ പാർട്ടിയാണ് കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ഗോൾഡൻ ഡോൺ. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ പക്ഷേ ഈ തീവ്ര വലതുപക്ഷ പാർട്ടിക്ക് പാർലമെന്റിൽ അവശേഷിക്കുന്ന സീറ്റുകളും നഷ്ടപ്പെട്ടിരുന്നു.