കര്‍ണാടകയിലെ കല്ലേശ്വര സ്വാമി ക്ഷേത്രത്തിലെ രഥത്തിന് തീപിടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് ഇന്ന് പരിശോധിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി വര്‍ഗീയ പ്രചാരണങ്ങള്‍ ആണ് നടക്കുന്നത്.
ഖില്‍ജി, ഗസ്നി, ഘോറി തുടങ്ങിയവരുടെ കാലഘട്ടത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ നേരിട്ട ആക്രമണങ്ങള്‍ക്ക് സമാനമായാണ് കല്ലേശ്വര സ്വാമി ക്ഷേത്രത്തിലെ വര്‍ഷങ്ങൾ പഴക്കമുള്ള രഥം ആക്രമികള്‍ നശിപ്പിച്ചതെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളില്‍ ആരോപിക്കുന്നത്. കര്‍ണാടക സര്‍ക്കാരിനെയും ചിലർ വിഷയവുമായി ബന്ധപ്പെട്ട് വിമർശിക്കുന്നുണ്ട്.
“കര്‍ണാടക കോണ്‍ഗ്രസ്, എന്തുകൊണ്ടാണ് നിങ്ങള്‍ ഹിന്ദു ക്ഷേത്രത്തോടും ഹിന്ദുക്കളോടും നിസ്സംഗത കാണിക്കുന്നത്? നിങ്ങളുടെ ഭരണത്തില്‍ ഹിന്ദുക്കള്‍ക്ക് സംരക്ഷണമില്ല…” എന്നുള്ള പോസ്റ്റിനൊപ്പമാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം ഇങ്ങനെയാണ്…
2024 മാര്‍ച്ച് 11ന് നല്‍കിയിട്ടുള്ള വാര്‍ത്ത അനുസരിച്ച് സംഭവം നടന്നത് കര്‍ണ്ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള ഗുബ്ബി, നെട്ടൂര്പുര കല്ലേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ 800 വര്‍ഷത്തോളം പഴക്കമുള്ള രഥമാണ് കത്തി നശിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളും കണ്ടെത്തി. രഥത്തിന് തീ കൊളുത്തിയ ആളെ ഗുബ്ബി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്. വാർത്തയിൽ പറയുന്നതുപ്രകാരം അറസ്റ്റിലായത് 32കാരനായ ഉദരി (Udari) എന്ന ആളാണ്. രഥം സൂക്ഷിച്ചിരിക്കുന്ന ഷെഡിനു സമീപമായി ചിരട്ടകള്‍ കൂട്ടിയിട്ട് കത്തിച്ചതാണ് തീപടരാന് കാരണമായതെന്നും, സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സുരക്ഷാ മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
“കല്ലേശ്വര ക്ഷേത്രത്തിലെ രഥത്തിന് തീപിടിച്ച സംഭവത്തില്‍ അറസ്റ്റിലായത് ഉത്തര്‍ പ്രദേശ് സ്വദേശിയായ ഉദരി രാധേശ്യാം എന്നയാളാണ്. ഇയാള്‍ ഹിന്ദുമത വിശ്വാസിയാണ്. സംഭവത്തിന് വര്‍ഗീയ വശങ്ങള് ഒന്നും തന്നെ ഉള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടില്ലായെന്നും, കൃത്യത്തിൽ ഇയാള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും, പരിസരവാസികള്‍ തടഞ്ഞുവച്ച ഇയാളെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു” എന്നും പോലീസ് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ലഭ്യമാണ്.
ബിജെപി കര്‍ണാടകയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ഉള്‍പ്പെടെ ഈ വിഷയം വര്‍ഗീയമായ രീതിയില്‍ പ്രചരിച്ചു. ഇതോടെ തുംകൂര്‍ ജില്ലാ പൊലീസ് മേധാവി സംഭവത്തിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കി ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നു. കന്നഡയിലുള്ള പത്രക്കുറിപ്പിന്റെ ചുരുക്കം ഇപ്രകാരമാണ്- “കല്ലേശ്വര സ്വാമി ക്ഷേത്രത്തിലെ രഥത്തിന് ഗൊരഖ്പുര്‍ സ്വദേശിയായ യുവാവ് തീയിട്ടതായി 2024 മാര്‍ച്ച് 11ന് നെട്ടൂര്‍ സ്വദേശിയായ ബിഎ മോഹന്‍കുമാര്‍ പരാതി നല്‍കിയതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. രഥം പൂര്‍ണമായും കത്തിനശിച്ചതായും 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായുമാണ് പരാതിക്കാരന് ബോധിപ്പിച്ചത്. ഭക്തരും ക്ഷേത്രത്തിനു പരിസരത്തുള്ളവരും ചേര്‍ന്ന് തീയിട്ടയാളെ തടഞ്ഞു വച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശി രാധേശ്യാം മകന് ഉദരി(35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയത് കോടതിയില്‍ ഹാജരാക്കി. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്” എന്നും വിശദീകരിക്കുന്ന തുംകൂര്‍ എസ്പിയുടെ എക്സ് പോസ്റ്റ് ലഭ്യമാണ്.
ഇത്രേയുമാകുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമാണ്. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള വീഡിയോ വര്‍ഗീയമായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും സംഭവത്തില്‍ മറ്റു മതവിശ്വാസികൾ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം