ചെന്നൈ: പ്രമുഖ അഭിനേത്രിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു സുന്ദറിനെ പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കി കോണ്‍ഗ്രസ്. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ബിജെപിയില്‍ ചേരനായുള്ള നീക്കങ്ങൾ ഖുശ്ബു നടത്തുന്നത് വ്യക്തമായതോടെയാണ് കോൺഗ്രസ് നടപടി. ഇതിന് പിന്നാലെ ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി ചൂണ്ടിക്കാണിച്ച് സോണിയ ഗാന്ധിക്ക് കത്ത് നൽകി.
ഖുശ്ബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് വാര്‍ത്താക്കുറിപ്പിലൂടെ വിവരം അറിയിച്ചത്. പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് കാട്ടിയാണ് ഖുശ്ബുവിന്റെ രാജിക്കത്ത്.
പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് ഖുശ്ബുവിന് കടുത്ത പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല എന്നതിലും ഖുശ്ബുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായാണ് സൂചന. ഇത് പാര്‍ട്ടി നേതൃത്വത്തെ പല തവണ അറിയിച്ചെങ്കിലും ഒരു തരത്തിലും പ്രതികരണങ്ങളുണ്ടായില്ല. ഇതെല്ലാം ഉരുണ്ടുകൂടിയാണ്, കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ ഖുശ്ബു തീരുമാനിക്കുന്നത്.
ഇന്ന് ഉച്ചയോടെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് ഖുശ്ബു അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി അവര്‍ ഇന്നലെത്തന്നെ ഡൽഹിയിൽ എത്തിയിരുന്നു. ചില ബിജെപി നേതാക്കളുമായി ഇവര്‍ കൂടിക്കാഴ്ചയും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.