റിയാദ്: ഗൾഫ് മേഖലയിൽ ഖത്തർ ഒട്ടകത്തിനുമേലുള്ള ചെള്ള്. സൗദി മുൻ രഹസ്യാന്വേഷണ മേധാവിയുടേതാണ് ഈ അഭിപ്രായപ്രകടനം. ഒരു ടെലിവിഷൻ പരിപാടിയിലാണ് ഖത്തറിനെ ഒട്ടകത്തിൻ്റെമേലുള്ള ചെള്ള് എന്ന് വിശേഷിപ്പിച്ചത്.
മേഖലയിൽ ഖത്തറിനെ ഒറ്റപ്പെടുത്തിയുള്ള സൗദി- യുഎഇ- ബഹ്റിൻ- ഈജിപ്ത് നിലപാട് മയപ്പെടുന്നില്ലെന്നതിൻ്റെ സൂചനകളിലൊന്നുമാത്രമാണ് ഖത്തറിനെതിരെയുള്ള ‘ചെള്ള്’ പ്രയോഗം.
ഗൾഫ് മേഖലയിലെ അസ്ഥിരതയുടെ ഒരു ഘടകമാണ് ഖത്തറിലെ തുർക്കിയുടെ സൈന്യം. ഇത് മേഖലയിലെ ധ്രുവീകരണത്തിന് കാരണം- യുഎഇയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയും അറബ് സഖ്യകക്ഷികളും 2017 ജൂൺ മുതൽ ഖത്തറിനെ ബഹിഷ്കരിച്ചു. ദോഹയിലെ തുർക്കി സൈനിക താവളം അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അബുദാബിയും അങ്കാറയും ലിബിയൻ പോരാട്ടത്തിൽ എതിർചേരിയിലാണ്.
അറബ് ഗൾഫിലെ തുർക്കി സൈനിക സാന്നിധ്യം അടിയന്തരാവസ്ഥയാണ് സൃഷ്ടിക്കുന്നത്- യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് ട്വീറ്റ് ചെയ്തു. ഇത് മേഖലയിലെ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നു. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും അവിടത്തെ ജനങ്ങളുടെ താൽപ്പര്യങ്ങളും കണക്കിലെടുക്കാതെയാണ് ഖത്തറിലെ തുർക്കി സേനയുടെ സാന്നിധ്യം തുടരുന്നത്- ട്വിറ്ററിൽ യുഎഇ വിദേശകാര്യ സഹമന്ത്രി തുടർന്നെഴുതി.
ഗൾഫ് മേഖലയിൽ ഇറാനെതിരെ ഐക്യ ഗൾഫ് മുന്നണിയെ അണിനിരത്തുന്നതിൽ സദാ ജാഗരൂകരാണ് അമേരിക്കൻ ഭരണകൂടം. എന്നാൽ ഗൾഫ് മേഖലയിൽ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്ക് ഖത്തർ ശത്രുപക്ഷത്താണ്. ഇസ്ലാമിക തീവ്രവാദത്തെ ഖത്തർ പിന്തുണക്കുന്നുവെന്ന ആരോപണമാണിതിന് നിദാനം.
ഖത്തറുമായുള്ള രാഷ്ട്രീയ- വാണിജ്യ- യാത്രാ ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ് ഇപ്പറഞ്ഞ രാഷ്ട്രങ്ങൾ. ഖത്തറിനെ ഒറ്റപ്പെടുത്തുന്ന സൗദിയുടേതടക്കുള്ളവരുടെ നിലപാട് അമേരിക്കൻ ഭരണകൂടത്തിന് പക്ഷേ വൻതലവേദനയാണ്.
മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിന് ആതിഥേയത്വം വഹിക്കുന്നത് ദോഹയാണ്. അതിനാൽ ദോഹ യെ പിണക്കി മറുപക്ഷത്തെ പിന്തുണക്കുകയെന്നതിനെക്കുറിച്ച് ഒന്നല്ല ഒരുപ്പാട് ആവൃത്തി യുഎസ് ഭരണകൂടത്തിന് ചിന്തിക്കേണ്ടി വരും.
സൗദി- യുഎഇ പോലുള്ള ഗൾഫ് രാജ്യങ്ങളുമായുള്ള യുഎസ് ബന്ധവും പ്രധാനം. ഇറാനെതിരെ മേഖലയിലെ രാജ്യങ്ങളെ ഒരുമിച്ചുനിറുത്തേണ്ട മുഖ്യ ഉത്തരവാദിത്തം യുഎസ് ഭരണകൂടത്തിനുണ്ട്. ഈ ഉത്തരവാദിത്ത നിർവ്വഹണത്തിന് സൗദി- യുഎഇ തുടങ്ങി രാഷ്ട്രങ്ങളും ഖത്തറും തമ്മിലുള്ള സുഗമമായ ബാന്ധവം അനിവാര്യമെന്ന് തിരിച്ചറിവിലാണ് യുഎസ്. ഇത് പക്ഷേ സുസാധ്യമാക്കപ്പെടുന്നതിലെ കടമ്പടകൾ മറികടക്കുന്നതിനായുള്ള നയതന്ത്ര പരിശ്രമങ്ങളിലാണ് യുഎസ്.
തിവ്രവാദ പ്രോത്സാഹനമെന്ന ആരോപണങ്ങൾ ഖത്തർ ഭരണകൂടം നിരന്തരം നിഷേധിക്കുന്നുണ്ട്. തങ്ങൾക്കെതിരെയുള്ള ബഹിഷ്കരണത്തിലൂടെ രാജ്യത്തിൻ്റെ പരമാധികാരത്തിന് തടസ്സം സൃഷ്ടിക്കുകയെന്നതാണ് അവർ ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ പറയുന്നു.
യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ ഖത്തറുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടെന്ന് സെപ്തംബർ ഒമ്പതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മിഡിൽ ഈസ്റ്റ് വിഭാഗം ഉന്നത നയതന്ത്രജ്ഞൻ ഡേവിഡ് ഷെങ്കർ പറഞ്ഞു.
ഈ വർഷം ആദ്യം റിയാദും ദോഹയും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ വിള്ളൽ വീണിരുന്നു. അതിനു ശേഷവും ചർച്ചകൾ നടന്നിരുന്നു. പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ചർച്ചകളിൽ പക്ഷേ ഉരുതിരിഞ്ഞില്ല.
ഖത്തറിനെ ആക്രമിക്കാൻ സൗദി – യുഎഇ തുടങ്ങി രാജ്യങ്ങൻ പദ്ധതിയിട്ടിരുന്നതായി ഖത്തർ പ്രതിരോധ മന്ത്രി അൽ ജസീറ ടെലിവിഷനിൽ അടുത്തിടെ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിൽ ആരോപിച്ചു. ഈയൊരു ആരോപണം പക്ഷേ തുടക്കം മുതലേ സൗദി – യുഎഇ – ബഹ്റിൻ – ഈജിപ്ത് കൂട്ടായ്മ നിഷേധിക്കുന്നുണ്ട്.