ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ഇടക്കാല ട്രാൻസ്ഫർ നാളെ മുതൽ ആരംഭിക്കും. ഇന്നത്തോടെ എല്ലാ ടീമുകളും ഏഴ് മത്സരങ്ങൾ വീതം പൂർത്തിയാക്കും. ആകെ 14 മത്സരങ്ങളാണ് ഒരു ടീമിന് ഉള്ളത്. അതുകൊണ്ട് തന്നെ പാതി മത്സരങ്ങൾ പൂർത്തിയാകുമ്പോഴാണ് ഇടക്കാല ട്രാൻസ്ഫറുകൾ നടക്കുക.
ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി രണ്ടോ അതിൽ കുറവോ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് ഇടക്കാല ട്രാൻസ്ഫറിൽ പങ്കാളികളാവാം. കഴിഞ്ഞ സീസണിലാണ് ബിസിസിഐ ഐപിഎലിൽ മിഡ്സീസൺ ട്രാൻസ്ഫർ സമ്പ്രദായം കൊണ്ടുവന്നത്.
കഴിഞ്ഞ സീസണിൽ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അൺകാപ്പ്ഡ് പ്ലയേഴ്സിനെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ സീസണിൽ രാജ്യാന്തര താരങ്ങളെയും മിഡ്സീസൺ ട്രാൻസ്ഫറിൽ കൈമാറാം. ബെഞ്ചിൽ മികച്ച താരങ്ങളുള്ള ടീമുകളിൽ നിന്ന് മികച്ച ഫൈനൽ ഇലവനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ടീമുകൾക്ക് കളിക്കാരെ എത്തിക്കാം. ഏത് താരത്തെയാണോ ടീമിൽ എത്തിക്കുക, ആ താരത്തിനായി അതാത് ടീം മുടക്കിയ തുക തന്നെ പുതിയ ടീമും മുടക്കിയാൽ മതിയാവും.