ബംഗളൂരു: കര്‍ഷക ബില്ലിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവരെ തീവ്രവാദികളെന്ന് ആരോപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കര്‍ണാടക കോടതി നിര്‍ദേശിച്ചു. അഭിഭാഷകന് എല്‍. രമേശ് നായിക്ക് നല്കിയ ഹരജിയിലാണ് കര്‍ണാടക തുമകുരുവിലെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടപടി.
കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവരെ വേദനിപ്പിക്കുന്നതാണ് നടിയുടെ വിവാദ ട്വീറ്റെന്നും ജനങ്ങള്‍ക്കിടയില്‍ മനഃപൂര്‍വം പ്രശ്നം സൃഷ്ടിക്കാനാണ് ട്വീറ്റിലൂടെ ശ്രമിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. പൊലീസോ സര്‍ക്കാറോ ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടില്ലെന്നും 153 എ, 504, 108 വകുപ്പുകള്‍ ചുമത്തി നടിക്കെതിരെ കേെസടുക്കാന്‍ നിര്‍ദേശിക്കണമെന്നും അഭിഭാഷകന് കോടതിയോട് അഭ്യര്‍ഥിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണയും അഭ്യൂഹവും പരത്തി കലാപത്തിന് വഴിവെച്ചവര്‍ കര്‍ഷക ബില്ലുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണ പരത്തി രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനത്തിനും കാരണക്കാരാവുകയാണെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. സെപ്റ്റംബര്‍ 21നാണ് കങ്കണ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഇത് വിവാദമായതോടെ പിന്നീട് പിന്‍വലിച്ചിരുന്നു.