തായ്പേയ്: ചൈനീസ് സേന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം പ്രതിരോധ വിമാനങ്ങള്‍ സൈന്യം വിക്ഷേപിച്ചതായി തായ്വാൻ പ്രതിരോധ മന്ത്രാലയം. ചൈനയില്‍ നിന്ന് കടുത്ത സുരക്ഷ വെല്ലുവിളികളാണ് നേരിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനാധിപത്യ തായ്വാന് സ്വന്തം പ്രദേശമായി അവകാശപ്പെടുന്ന ചൈന, ദ്വീപിനടുത്തുള്ള സൈനിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, തായ്വാന്റെ ഭൂപ്രദേശം ലക്ഷ്യമാക്കി ചൈന പോര്‍വിമാനങ്ങള്‍ അയച്ച് പ്രകോപനം സൃഷ്ടിക്കുന്നു.
തായ്വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 4,132 തവണയാണ് വ്യോമസേനയുടെ വിമാനങ്ങള്‍ ആക്രമിക്കപ്പെട്ടത്- റോയിട്ടേര്‍സ് റിപ്പോര്‍ട്ട്.
“തായ്വാൻ കടലിടുക്കിലെ സുരക്ഷാ നില മാറ്റിമറിക്കുന്നതിന് ഏകപക്ഷീയമായ സൈനിക നടപടികൾ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് ചൈന. അതേസമയം ഞങ്ങളുടെ പ്രതികരണം പരീക്ഷിക്കുകയും ഞങ്ങളുടെ വ്യോമ പ്രതിരോധത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു,” തായ്വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
തായ്വാനിലേക്കുള്ള യുഎസ് പിന്തുണ വർദ്ധിക്കുന്നത് ചൈനയെ പ്രകോപിപ്പിക്കുന്നു. മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ദ്വീപ് സന്ദർശിച്ചത് ഇതിന് ആക്കം കൂട്ടി- മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ സായുധ സേനയുമായി സംഖ്യാപരമായി മത്സരിക്കാൻ തായ്വാന് കഴിയുന്നില്ലെങ്കിലും, പ്രസിഡന്റ് സായ് ഇംഗ്-വെൻ ഒരു സൈനിക നവീകരണ പദ്ധതി മുന്നോട്ട് വയ്ക്കുന്നുണ്ട്. ദ്വീപിന്റെ സായുധ സേനയെ കൂടുതൽ ബലപ്പെടുത്തി ചൈനയുടെ ആക്രമണം പ്രതിരോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
“ചിലവു കുറഞ്ഞതും, എന്നാല്‍ വേഗതയേറിയതും ഫലപ്രദവും- കണ്ടെത്താനും പ്രതിരോധിക്കാനും പ്രയാസവുമായ സുരക്ഷ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം”, കഴിഞ്ഞ ദിവസം നടന്ന തായ്വാൻ-യുഎസ് പ്രതിരോധ സമ്മേളനം അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ സഹമന്ത്രി ചാങ് ഗുവാൻ-ചങ് പറഞ്ഞു.
ആയുധ വിൽപ്പനയ്ക്കപ്പുറമുള്ള മെച്ചപ്പെട്ട ഒരു സഹകരണം അമേരിക്കയുമായി വേണമെന്നും ചാങ് ആവശ്യപ്പെട്ടു. അത് തായ്വാനിലെ പ്രതിരോധ മേഖലയെയും സൈനിക നവീകരണത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ ചൈന കടലിനോട് ചേര്‍ന്ന് കിടക്കുന്ന വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്കും ചൈന കടന്നുകയറ്റ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അടുത്ത കാലത്തായി ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ജപ്പാനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.