കമ്പാല: ഉഗാണ്ട രക്ത ക്ഷാമത്തിൽ. കൊറോണ വൈറസ് മഹാമാരി വ്യാപനം ആരംഭിച്ചതിനുശേഷം രക്തത്തിൻ്റെ ലഭ്യത കുത്തനെ കുറഞ്ഞുവെന്ന് ഉഗാണ്ടൻ ആരോഗ്യ അധികൃതർ പറയുന്നു – എപി ന്യൂസ് ഏജൻസി റിപ്പോർട്ട്.
രക്തത്തിൻ്റെ ലഭ്യതക്കുറവ് സൃഷ്ടിക്കുന്ന അനന്തര ഫലങ്ങൾ മാരകമായിരിക്കും. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ഏറ്റവും വലിയ രക്തദാതാക്കളാണ് വിദ്യാർത്ഥികൾ – പ്രത്യേകിച്ച് സെക്കൻ്ററി സ്കൂൾ തലത്തിലുള്ളവർ. കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സ്കൂളുകൾ പക്ഷേ മാർച്ച് മുതൽ അടച്ചിട്ടിരിക്കുകയാണ്. ഇതാണ് രക്ത ബാങ്കുകളിൽ രക്തത്തിൻ്റെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകാൻ കാരണമായത്.
ഇക്കഴിഞ്ഞ മാസങ്ങളിൽ രക്തം ലഭിക്കാത്തതിനെ തുടർന്ന് നിരവധി മരണങ്ങൾ സംഭവിച്ചതായി തലസ്ഥാനമായ കമ്പാലയിലെ പാവപ്പെട്ടവരെ പരിചരിക്കുന്ന ആശുപത്രിയുടെ ഡയറക്ടർ ഡോ. ഇമ്മാനുവൽ ബതിബ്വെ സാക്ഷ്യപ്പെടുത്തുന്നു.
ഗർഭാവസ്ഥയിലുള്ള സങ്കീർണതകളെ ഭേദമാക്കാൻ അനുയോജ്യമായ രക്തം ലഭിക്കാതെ പോയതിനാൽ മരണപ്പെട്ടവരുണ്ട്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾ. ഇടയ്ക്കിടെ രക്തസംക്രമണം ആവശ്യമുള്ളവർ. ഇവരെയൊക്കയാണ് രക്ത ക്ഷാമം ഏറെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നതെന്ന് ഡോ.ഇമ്മാനുവൽ ബതിബ്വെ പറയുന്നു.
ജൂലൈയിൽ ബതിബ്വെയുടെ ചൈന-ഉഗാണ്ട ഫ്രണ്ട്ഷിപ്പ് ആശുപത്രിക്ക് 218 യൂണിറ്റ് രക്തം ആവശ്യമായിവന്നു.18 യൂണിറ്റ് മാത്രമാണ് പക്ഷേ ലഭ്യമായത്. ആഗസ്തിൽ 217 യൂണിറ്റ് രക്തം ആവശ്യമുണ്ടായപ്പോൾ ലഭ്യമായത് 68 യൂണിറ്റ്. രക്ത ക്ഷാമത്തെ ദുരന്തമെന്നാണ് ഡോ. ബതിബ്വെ വിളിക്കുന്നത്.
ഏപ്രിൽ മുതൽ ജൂലൈ വരെ 75000 ലക്ഷ്യമിട്ടതിൽ 56850 യൂണിറ്റ് രക്തമാണ് ശേഖരിക്കാനായതെന്ന് ഉഗാണ്ട ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് മേധാവി ഡോ. ഡൊറോത്തി ബൈബാസെയർ ഈ വർഷം ആദ്യം നിയമ നിർമ്മാതക്കളോട് പറഞ്ഞു.
അവശ്യമുള്ള രക്തത്തിനായ് ഏജൻസികളെയാണ് സമീപി ക്കുന്നത്. കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ ആശുപത്രികൾ തമ്മിൽ അവശ്യമുള്ള രക്തശേഖരം പരസ്പരം നൽകി സഹകരിക്കുന്ന സംവിധാനമുണ്ട്. രക്തത്തിൻ്റെ ഈ ‘കടംവാങ്ങ’ലിന് സമയമെടുക്കും. അതിനാൽ ഇതിനെ അടിയന്തര സാഹചര്യങ്ങളിൽ ആശ്രയിക്കുന്നതിൽ പരിമിതിയുണ്ടെന്ന് ഡോ.ബതിബ്വെ പറയുന്നു.
രക്തദാതാക്കളെ കണ്ടെത്തുന്നതിൽ ഉഗാണ്ട റെഡ്ക്രോസിൻ്റെ സഹായമുണ്ട്. പക്ഷേ ഈ മഹാമാരി സമയത്ത് രക്തദാതാക്കളെ കണ്ടെത്തുക എളുപ്പമല്ലെന്ന് റെഡ്ക്രോസ് പറയുന്നു. 8600 ലധികം കൊറോണ വൈറസ് കേസുകൾ ഉഗാണ്ട സ്ഥിരീകരിച്ചിട്ടുണ്ട്. 79 മരണങ്ങളും.
ജനങ്ങൾക്ക് നന്നായി ഭക്ഷണം ലഭിക്കുന്നില്ല. ജനങ്ങൾ കടുത്ത സമ്മർദ്ദത്തിലാണ്. പ്രതിഫലനമെന്നോന്നം രക്തത്തിൻ്റെ അളവ് വളരെ കുറവാണ്. അതിനാൽ ചില സന്നദ്ധ രക്ത ദാതാക്കൾ രക്തം നൽകുന്നതിൽ നിന്ന് പിന്തിരിയുകയാണ് – റെഡ്ക്രോസ് വക്താവ് ഐറിൻ നകസിറ്റ പറയുന്നു.
കമ്പാലയിലെ മെംഗോ സ്വകാര്യ ആശുപത്രിയുടെ രക്തബാങ്കിലേക്ക് രക്തദാതാക്കളെ റിക്രൂട്ട് ചെയ്യുന്ന അരിഹോ ഫ്രാങ്കോയും സമാനമായ വെല്ലുവിളികൾ തന്നെയാണ് വിവരിക്കുന്നത്. സ്കൂളുൾ അടഞ്ഞുകിടക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ നിന്ന് രക്തദാതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. മധ്യ കമ്പാലയിലെ പബ്ലിക് സ്ക്വയർ പോലുള്ള സ്ഥലങ്ങളിൽ കൂടാരങ്ങൾ കെട്ടി സോഡയും കുക്കി ബിസ്ക്കറ്റുകളുമായി രക്തദാക്കൾക്കായി കാത്തിരിക്കുകയാണ് രക്ത ബാങ്ക് ഏജൻസികൾ.
രക്തക്ഷാമം ഗുരുതരമായ പ്രശ്നമാണ്. എങ്കിലും രക്ത ബാങ്കുകളിലെത്തി രക്തദാനം ചെയ്യാൻ കഴിയുന്നവരുണ്ട്. പക്ഷേ ഇപ്പറഞ്ഞവരുടെ ആരോഗ്യസ്ഥിതി രക്തദാനത്തിന് കെല്പുള്ളതല്ല – ഇത് ഫ്രാങ്കോയുടെ വാക്കുകൾ .
പകർച്ചവ്യാധി തീർത്ത സാമ്പത്തിക പ്രത്യാഘാതങ്ങളിലകപ്പെട്ടുഴലുന്നവരാണ് ബഹുഭൂരിപക്ഷവും. ഇവരിൽ നിന്ന് രക്തദാതാക്കളെ കണ്ടെത്തുക രക്ത ബാങ്ക് ഏജൻസികൾക്ക് എളുപ്പമല്ല. ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്ന് ഉറപ്പില്ലാത്തവർ രക്തദാനത്തിൽ നിന്ന് പിന്മാറുക സ്വഭാവികമെന്ന് ഫ്രാങ്കോ.
ദിവസാവസാനം ചിലർ ദൈവത്തിന്റെ കാരുണ്യത്താൽ മാത്രമാണ് അതിജീവിക്കുന്നത്. കാരണം ശേഖരിക്കപ്പെടുന്ന തുച്ഛമായ രക്തം ഗുരുതര അത്യാഹിത രോഗികൾക്ക് മാത്രമായി നീക്കിവയ്ക്കുകയാണ് – അരിഹോ ഫ്രാങ്കോ പറഞ്ഞു.
ഉഗാണ്ടയിൽ മാത്രമല്ല യൂറോപ്പിന്റെ ചില ഭാഗങ്ങളിലും രക്തക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് -19 വൈറസ്ബാധ രക്തദാതാക്കളുടെ എണ്ണം കുറയാൻ കാരണമായതായി റുമാനിയയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില കാൻസർ രോഗികൾക്ക് പതിവായി രക്തസംക്രമണം ആവശ്യമാണ്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാകുന്നവർക്കും രക്തം ആവശ്യം. ഇവരെല്ലാം സ്വ ജീവൻ നിലനിർത്താൻ സ്വന്തമായി രക്തദാതാക്കളെ കൂടെ കൊണ്ടുവരേണ്ടവസ്ഥ!