വിവാദത്തില്‍ പ്രതികരണവുമായി നടന് ബൈജു സന്തോഷ്. 20 ലക്ഷം പ്രതിഫലം നല്‍കാമെന്ന കരാറിന്മേലാണ് മരട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ നിര്‍മാതാവ് പറയുന്ന എട്ട് ലക്ഷത്തിന്റെ കണക്ക് മനസിലാകുന്നില്ലെന്നും ബൈജു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ബൈജു ഇക്കാര്യം പറഞ്ഞത്. 8 ലക്ഷത്തിന്റെ കരാര്‍ കയ്യിലുണ്ടെങ്കില്‍ നിര്‍മാതാവ് അത് കാണിക്കാന്‍ തയാറാകണമെന്നും അങ്ങനെയെങ്കില്‍ അദ്ദേഹം പറയുന്ന എന്ത് വ്യവസ്ഥയ്ക്കും തനിക്കു സമ്മതമാണെന്നും ബൈജു പറഞ്ഞു.
ബൈജുവിന്റെ വാക്കുകള്‍ :
മരട് എന്ന സിനിമയില്‍ ഞാന്‍ ജോയിന്‍ ചെയ്തതിന്റെ അന്നാണ് നിര്‍മാതാവായ അബാം എബ്രാഹമിന്റെ മാനേജര്‍ ഒരു ബ്ലാങ്ക് എഗ്രിമെന്റുമായി വന്നത്. അതില്‍ ഫിഗറിലും അക്ഷരത്തിലും 20 ലക്ഷം രൂപ എന്ന് എഴുതി ഞാന്‍ ഒപ്പിട്ടു കൊടുത്തു. ഷൂട്ടിന് ഇടക്കൊന്നും ഇതിനെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല.; ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണ് ഈ സംഭവം. അതേ സമയത്താണ് ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ആ സിനിമയിലും 20 ലക്ഷം രൂപയാണ് എനിക്ക് പ്രതിഫലം തന്നത്.
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ അസോസിയേഷനിലുള്ള സോഫിയ പോളിനെ വിളിച്ചു ചോദിക്കാം, സത്യാവസ്ഥ അറിയാന്‍ കഴിയും. സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്.’പ്രൊഡ്യൂസര്‍ അസോസിയേഷന്റെ ട്രഷറര്‍ ബി. രാഗേഷ് രണ്ടു വര്‍ഷം മുന്‍പ് നിര്‍മിച്ച സിനിമയിലും ഇരുപതു ലക്ഷം രൂപയാണ് ഞാന്‍ വാങ്ങിയത്.
കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായതു കാരണം എഗ്രിമെന്റ് ചെയ്ത തുകയില്‍ നിന്നും അഞ്ചു ലക്ഷം രൂപ കുറച്ചു തന്നാല്‍ മതിയെന്ന് ഞാന്‍ ‘മരടി;ന്റെ പ്രൊഡ്യൂസറോട് പറഞ്ഞിരുന്നു. ഇതേ നിര്‍മാതാവ് ചെയ്ത പട്ടാഭിരാമന് എന്ന സിനിമയില്‍ പതിനഞ്ചു ലക്ഷമായിരുന്നു എന്റെ പ്രതിഫലം. രണ്ടുവര്‍ഷം മുന്‍പ് വാങ്ങിയ ആ പ്രതിഫലം തന്നാല്‍ മതി ഇപ്പോളെന്ന് ഞാന്‍ പറഞ്ഞു, എന്നാല്‍ അദ്ദേഹം എട്ടുലക്ഷം നല്‍കാമെന്നാണ് അറിയിച്ചത്, എട്ടുലക്ഷം രൂപയുടെ കണക്ക് എനിക്ക് മനസ്സിലാകുന്നില്ല.
പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് പട്ടാഭിരാമനില്‍ എനിക്ക് തന്നത് 12 ലക്ഷം രൂപയാണ് എന്നാണ്, എന്നാല്‍ അത് വാസ്തവവിരുദ്ധമാണ്. എനിക്കന്ന് തന്നത് പതിനഞ്ചു ലക്ഷം രൂപയാണ്. അദ്ദേഹം അത് മനഃപൂര്‍വം മറന്നതാണ്. മരട് സിനിമയ്ക്കായി 8 ലക്ഷം രൂപയ്ക്കാണ് ഞാന്‍ സൈന്‍ ചെയ്തത് എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. അങ്ങനെയൊരു എഗ്രിമെന്റ് ഉണ്ടെങ്കില്‍ അത് എനിക്ക് കാണണം. കാരണം ഞാന്‍ അങ്ങനെ ഒരു എഗ്രിമെന്റില്‍ ഒപ്പിട്ടിട്ടില്ല.’
ഇനി 20 ലക്ഷത്തിന്റെ എഗ്രിമെന്റില്‍ തുക മായ്ച്ച് എഴുതി ചേര്‍ത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടാല്‍ അറിയാന്‍ പറ്റും. എനിക്ക് ഒന്നേ പറയാനുള്ളൂ, ഞാന്‍ സൈന്‍ ചെയ്ത 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിക്കാമെങ്കില്‍ പുള്ളി പറയുന്നത് ഞാന്‍ അനുസരിക്കും, പുള്ളി പറയുന്ന സമയത്ത് ഞാന്‍ വന്നു ഡബ്ബ് ചെയ്തു കൊടുക്കുകയും ചെയ്യും. ഇതെന്റെ വാക്കാണ്.’
അങ്ങനെ ഒരു എഗ്രിമെന്റ് കാണിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ സൈന്‍ ചെയ്ത 20 ലക്ഷത്തില്‍ നിന്നും 5 ലക്ഷം കുറച്ചിട്ട് എനിക്ക് തരേണ്ടി വരും. ഞാന്‍ എല്ലാവരെയും വിശ്വാസത്തില്‍ എടുക്കുന്ന ആളാണ്, പരസ്പര വിശ്വാസമാണല്ലോ ഏറ്റവും വലുത് അതുകൊണ്ടു തന്നെ എഗ്രിമെന്റിന്റെ കോപ്പി ഞാന്‍ അന്ന് വാങ്ങിയിട്ടില്ല. ഞാന്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ ഭാരവാഹികളെ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പ്രൊഡ്യൂസറെ സംരക്ഷിക്കാനാണല്ലോ പ്രൊഡ്യൂസര്‍ അസോസിയേഷന്.
പക്ഷേ ഏതു കാര്യത്തിലായാലും ഒരു നീതി ഉണ്ടാകണം, അത് ആരുടെ ഭാഗത്താണെന്ന് പരിശോധിക്കണം. അസോസിയേഷന്റെ മുന്‍പാകെ ഈ പ്രൊഡ്യൂസര്‍ ഏല്‍പ്പിച്ച എഗ്രിമെന്റ് ഉണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തണം. നമ്മുടെ പ്രൊഡ്യൂസര്‍ ആളൊരു ബുദ്ധിമാന് തന്നെ, ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയാല്‍ പടത്തിനൊരു പരസ്യം കിട്ടുമല്ലോ, അതൊക്കെ നല്ല കാര്യം തന്നെ, നടക്കട്ടെ, എല്ലാ ആശംസകളും നേരുന്നു.’