ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓപണര്‍മാരായ ഫാഫ് ഡുപ്ലെസിയുടെയും ഷെയ്ന് വാട്ട്സണ്ന്റെയും മികവില്‍ കിങ്സ് ഇലവന് പഞ്ചാബിനെ 10 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്.
പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം വെറും 17.4 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ചെന്നൈ മറികടന്നു.
ഐ.പി.എല്‍ 13-ാം സീസണിലെ തന്റെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ വാട്ട്സണ് 53 പന്തുകള്‍ നേരിട്ട് മൂന്നു സിക്സും 11 ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്നു.
53 പന്തുകള്‍ തന്നെ നേരിട്ട ഡുപ്ലെസ ഒരു സിക്സും 11 ഫോറുമടക്കം 87 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റണ്‍സെടുത്തു. ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ അർധ സെഞ്ചുറി (52 പന്തിൽ 63) പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നല്ല തുടക്കമാണ് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ മായങ്ക് അഗർവാളും കെ.എൽ. രാഹുലും ചേർന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 പന്തിൽ 26 റൺസെടുത്താണ് മായങ്ക് മടങ്ങിയത്.
പിന്നാലെയെത്തിയ മൻദീപ് സിംഗ് 16 പന്തുകളില്‍ രണ്ട് സിക്സ് ഉൾപ്പെടെ അടിച്ച് 27 റൺസെടുത്തു. ജഡേജയാണ് മൻദീപിനെ പുറത്താക്കിയത്. 46 പന്തിൽനിന്ന് കെ.എൽ. രാഹുൽ അർധസെഞ്ചുറി തികച്ചു. രാഹുലിന്റെ സീസണിലെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. രാജസ്ഥാൻ റോയൽസിനെതിരെ താരം 69 റൺസ് നേടിയിരുന്നു. ഇതിനു പുറമേ ബാംഗ്ലൂരിനെതിരെ സെഞ്ചുറിയും (132*) സ്വന്തമാക്കി. നിക്കോളാസ് പുരാനും മികച്ച പിന്തുണ നൽകിയതോടെ പഞ്ചാബ് സ്കോർ 150 പിന്നിട്ടു. 17 പന്തുകള്‍ നേരിട്ട പുരന് മൂന്നു സിക്സും ഒരു ഫോറുമടക്കം 33 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുരന് മടങ്ങിയത്. പുരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ ഷാര്‍ദുല്‍ താക്കൂര്‍ മടക്കുകയായിരുന്നു.
ഗ്ലെന്‍ മാക്സ്വെല് (11), സര്‍ഫറാസ് ഖാന് (14) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി