ഉത്തര്‍പ്രദേശ്: ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ പ്രതിഷേധാർഹമായ പ്രസ്താവനയുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. പെണ്‍കുട്ടികളെ സംസ്കാരശീലരായി വളര്‍ത്തിയാല്‍ പീഡനം ഉണ്ടാവില്ലെന്ന് ഉത്തര്‍ പ്രദേശിലെ ബൈരിയ മണ്ഡലത്തിലെ എംഎല്‍എ സുരേന്ദ്ര സിംഗ് പറഞ്ഞതായി എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.
അധികാരവും വാളും കൊണ്ട് മാത്രം അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല പീഡനം. പെണ്‍കുട്ടികളെ നല്ല മൂല്യങ്ങള്‍ നല്കി വളര്‍ത്തണം. പീഡനം തടയുന്നതിനായി എല്ലാ രക്ഷിതാക്കളും തങ്ങളുടെ പെണ്മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. ശാലീനമായ രീതിയില്‍ പെരുമാറാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണം. ഇത് കുടുംബത്തിന്റെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ അത്തരത്തില്‍ വളര്‍ന്നാല്‍ പിന്നെ പീഡനമുണ്ടാകില്ലെന്നും സുരേന്ദ്ര സിംഗ് പറയുന്നു.
താനൊരു ജനപ്രതിനിധി മാത്രമല്ല അധ്യാപകന് കൂടിയാണെന്നും സുരേന്ദ്ര സിംഗ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ചുമതലയാണ് സംരക്ഷണം നല്‍കുക എന്നത്. അത് പോലെ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തമാണ് പെണ്‍കുട്ടികള്‍ക്ക് മൂല്യങ്ങള്‍ നല്‍കുക എന്നത്. ഇവ രണ്ടും ചേര്‍ന്നാലേ രാജ്യം നന്നാവൂ. അതാണ് ഒരു വഴിയെന്നും എംഎല്‍എ പറയുന്നു.
ഗോഡ്സെ ഭീകരവാദിയായിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാമെന്ന് പരാമര്‍ശിച്ചയാളാണ് സുരേന്ദ്ര സിംഗ്. മതാടിസ്ഥാനത്തില്‍ വിഭജിച്ച സമയത്തുതന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും ഇയാൾ നേരത്തെ പറഞ്ഞിട്ടുണ്ട്.