ലഖ്നോ: ഹത്രാസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യു.പി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ച അലഹബാദ് ഹൈക്കോടതി ഇടപെടൽ പ്രതീക്ഷ നൽകുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഹൈക്കോടതിയുടേത് ശക്തിയും ആത്മവിശ്വാസവും പകരുന്ന നടപടിയാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ഹത്രാസിൽ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് രാജ്യം മുഴുവന്‍ ആവശ്യപ്പെടുകയാണ്. യു.പി സര്‍ക്കാര്‍ അവളുടെ കുടുംബത്തോട് അങ്ങേയറ്റം നീതിരഹിതവും മനുഷ്യത്വരഹിതവുമായി പെരുമാറുന്നതിന് ഇടയിലാണ് ഹൈകോടതിയുടെ ഇത്തരത്തിലുള്ള ഇടപെടല്‍. പ്രതീക്ഷയുടെ ഒരു കിരണമാണ് ഇത് നല്‍കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹത്രാസ് കേസില്‍ സംഭവിച്ച കാര്യങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെ കോടതി തന്നെ നേരിട്ടുവിളിപ്പിച്ചിരിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ഹത്രാസ് സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈകോടതി, ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.പി, ലഖ്നോ എ.ഡി.ജി.പി, ജില്ലാ മജസ്ട്രേറ്റ്, ഹാഥറസ് എസ്.പി എന്നിവർ കോടതിയുടെ മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്ന് ഉത്തരവിട്ടിരുന്നു.