ലക്നൗ: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ സിബിഐ പാക് ബന്ധം അന്വേഷിച്ചില്ലെന്ന് കേസില്‍ വിധി പറഞ്ഞ സെപ്ഷ്യല്‍ ജഡ്ജ് സുരേന്ദര്‍ കുമാര്‍ യാദവ്. പാക് രഹസ്യാന്വേഷണ വിഭാഗത്തില്‍പ്പെട്ട ചിലര്‍ ജനക്കൂട്ടത്തിനിടയില്‍ നുഴഞ്ഞ് കയറി ബാബരി മസ്ജിദിന് കേടുപാടുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സിബിഐ അന്വേഷിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളേയും വെറുതേവിട്ടുകൊണ്ടുള്ള 2300 പേജ് വിധിയിലാണ് കോടതിയുടെ പരമാര്‍ശം. 28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞിരുന്നു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.