ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചു. ഹോപ് ഹിക്സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയോടെ ഹിക്സിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.
ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്സ്. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്സ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒഹിയോയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും ഹിക്സ് എത്തിയിരുന്നു. ചൊവ്വാഴ്ച ക്ലീവ്ലന്ഡില് നടന്ന സംവാദ പരിപാടിയില്‍ ഹോപ് ഹിക്സ് പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.
ഈ വര്‍ഷമാദ്യമാണ് ഹിക്സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തേ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഹിക്സ് ട്രംപിന്റെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിക്സിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ട്രംപിനെയും കോവിഡ് ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.