ന്യൂഡൽഹി: കോവിഡ് -19 ലോക്ക് ഡൗണിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റ് ചാർജുകൾ വിമാന കമ്പനികൾ തിരികെ നൽകണമെന്ന് സുപ്രീം കോടതി. മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റ് ചാർജുകളാണ് തിരികെ നൽകേണ്ടത് – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
മാർച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിൽ വ്യോമഗതാഗതവുംം നിറുത്തി വച്ചിരുന്നു. തുടർന്ന് യാത്ര ചെയ്യാൻ കഴിയാതെ പോയ ടിക്കറ്റുകളുടെ ചാർജ് മടക്കികൊടുക്കുന്നതിൽ വിമാന കമ്പനികൾ മടികാണിച്ചിരുന്നു. ഈ പശ്ചാത്തലലത്തിലാണ് ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലെത്തിയത്.
2021 മാർച്ച് 31 ന് മുമ്പായി ഏത് റൂട്ടിലും യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ യാത്രക്കാരന്റെ പേരിൽ ക്രെഡിറ്റ് നോട്ട് സൃഷ്ടിക്കാനും എയർലൈൻസിന് അവസരമുണ്ട്. റദ്ദുചെയ്യുമ്പോൾ തുക മടക്കി നൽകുന്നതിനു പകരം ഭാവിയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ചാർജായി പരിഗണിക്കുന്ന രീതി. ഇതു പ്രകാരം പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുംവരെയുള്ള കാലയളവിൽ നിശ്ചിത പലിശ വിമാന കമ്പനി നൽകേണ്ടിവരും. 0.5 – 0.75 ശതമാനം പലിശ.
സുപ്രീം ട്രാവൽ ഏജന്റുമാർ മുഖേനെ ബുക്ക് ചെയ്ത ടിക്കറ്റ് ചാർജുകൾ ട്രാവൽ ഏജന്റുമാരിലൂടെ തന്നെ തിരികെനൽകുമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ലോക്ക് ഡൗൺ സമയത്ത് (മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ) ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഉടൻ പണം മടക്കിനൽകാൻ ഡിജിസിഎ ഏപ്രിൽ 16 ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കും.
ലോക്ക്ഡൗൺ ചെയ്യുന്നതിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പണം തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെല്ലും എയർ പാസഞ്ചേഴ്സ് അസോസിയേഷനും നൽകിയ ഹരജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.
ബുക്ക് ചെയ്ത ടിക്കറ്റിന് പകരമായി യാത്രക്കാർക്ക് കൈമാറ്റം ചെയ്യാവുന്ന റീഫണ്ട് വൗച്ചറുകളെ വാദത്തിനിടെ സർക്കാർ പിന്തുണച്ചു. ഭൂരിഭാഗം ഉപഭോക്താക്കളും ക്രെഡിറ്റ് നോട്ടുകളാണ് ഇഷ്ടപ്പെടുന്നതെന്ന് വിസ്താരയും എയർ ഏഷ്യയും വാദിച്ചു. സമ്പൂർണ്ണ റീഫണ്ട് എന്ന സർക്കാർ നിർദ്ദേശത്തെ ഇവർ എതിർത്തു.
പല വിമാന കമ്പനികളും തകർച്ചയുടെ വക്കിലാണെന്നും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ അടച്ചേക്കാമെന്നും ഗോ എയർ കോടതിയിൽ പറഞ്ഞു. ബുക്കിങ് തുക പൂർണമായും മടക്കിനൽകിയതായി ഇൻഡിഗോ പറഞ്ഞു.