ബീജിംങ്: ചൈനയുടെ കോവിഡ് 19 വാക്സിനുകൾ ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടനക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്ന രീതിയിലുള്ള പ്രചരണം ചൈനീസ് മാധ്യമങ്ങളിൽ വ്യാപകമാവുകയാണ് – ഗ്ലോബൽ വോയ്സ് റിപ്പോർട്ട്.
പ്രചരണത്തിന് ഉപയോഗിക്കപ്പെട്ടത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ്റെ വാക്കുകൾ. ഡോ. സ്വാമിനാഥൻ ചൈനീസ് കോവിഡ് വാക്സിനുകൾ ഫലപ്രദമെന്ന് പറഞ്ഞുവെന്ന രീതിയിലുള്ള വാർത്താ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. സെപ്റ്റംബർ 22 മുതൽ ചൈനീസ് ഭാഷയിലാണ് പ്രചരണം.
ചൈനീസ് വീഡിയോ ഷെയറിങ്ങ് അപ്ലിക്കേഷൻ മിയാവായിക്കായി ചൈന സെൻട്രൽ ടെലിവിഷൻ (സിസി ടിവി) ചൈനീസ് ഭാഷയിൽ നിർമ്മിച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോവാണ് പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾക്ക് ആധാരം. കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിൻ്റെ പ്രസംഗവും തുടർന്ന് ഡോ. സ്വാമിനാഥന്റെ അഭിപ്രായവും വീഡിയോയിലുണ്ട്.
“ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞൻ: ചൈനീസ് കോവിഡ്19 വാക്സിനുകൾക്ക് ഫലമുണ്ടെന്ന് തെളിഞ്ഞു” (世卫 组织 科学家 的 新 疫苗 有效 有效), ഇത് സ്വാമിനാഥന്റെ പ്രസംഗം- ഇതാണ് വീഡിയോ പ്രചരണത്തിന് ചൈനീസ് വീഡിയോ ഷെയറിങ്ങ് ആപ്പ് നൽകിയിട്ടുള്ള തലക്കെട്ട്.
“നിങ്ങൾക്കറിയാവുന്നതുപോലെ അവർക്ക് (ഇവിടെ ചൈനക്ക് എന്നു വായിക്കുക) വളരെ സജീവമായ വാക്സിൻ വികസന പരിപാടിയുമുണ്ട്. കൂടാതെ അവരുടെ വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ വിപുലമായ ഘട്ടത്തിലാണ്. ഇതിലും ഞങ്ങൾക്ക് താല്പര്യമുണ്ട്. ഞങ്ങൾ അവരെ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ ചില ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയമെന്നു തെളിഞ്ഞു “, ഇതാണ് ഡോ. സ്വാമിനാഥന്റെ അഭിപ്രായമെന്ന നിലയിൽ ചൈനീസ് ഭാഷയിൽ പ്രചരിപ്പിക്കപ്പെടുന്നത്.
ഡോ. സ്വാമിനാഥൻ്റെ ഇംഗ്ലിഷ് വാചകങ്ങൾ ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ ബോധപൂർവ്വം എഡിറ്റു ചെയ്തിതിരിക്കുകയാണത്രെ ചൈനീസ് വീഡിയോ ആപ്പ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ ചൈനയുമായി ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്. കാരണം നിങ്ങൾക്കറിയാവുന്നതുപോലെ അവർക്ക് സജീവമായ വാക്സിൻ വികസന പദ്ധതികളുണ്ട്. അവരുടെ വാക്സിൻ മനുഷ്യ പരീക്ഷണ ക്ലിനിക്കൽ ട്രയലുകൾ വിപുലമായ ഘട്ടങ്ങളിലാണ്. ഇത് ഞങ്ങൾക്ക് താല്പര്യമുള്ളതാണ്.
ഞങ്ങൾ അവരുടെ പരീക്ഷണങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ഞങ്ങൾ അവരുമായി വളരെ ക്രിയാത്മകവും തുറന്നതുമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല ക്ലിനിക്കൽ ട്രയലുകളിൽ വിജയിച്ചുവെന്ന് തെളിയിക്കപ്പെടുയാണെങ്കിൽ അവർ ആഗോള പ്രതിബദ്ധത ഊട്ടിയുറപ്പിക്കും. അതിനാൽ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അത് ഇപ്പോഴും തുറന്നിരിക്കുന്നു. ഈ കൂട്ടായ പ്രവർത്തനങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു – ഇതാണ് ഡോ.സ്വാമിനാഥൻ്റെ യഥാർത്ഥ പ്രസംഗം.
സെപ്റ്റംബർ 21 ന് നടന്ന ലോകാരോഗ്യ സംഘടനയുടെ വെർച്വൽ പത്ര സമ്മേളനത്തിലാണ് ഡോ.സ്വാമിനാഥൻ്റെ ഈ പരാമർശങ്ങൾ. ഒരു മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു പത്രസമ്മേളനം.
“….ക്ലിനിക്കൽ ട്രയലുകളിൽ വിജയിച്ചുവെന്ന് തെളിയിക്കപ്പെടുയാണെങ്കിൽ…” ഡോ. സ്വാമിനാഥൻ്റെ പ്രസംഗത്തിലെ യഥാർത്ഥ വാചകങ്ങളാണിത്. ഇവിടെ “തെളിയിക്കപ്പെടുയാണെങ്കിൽ” എന്നതിനെ ചൈനീസ് ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്തപ്പോൾ “തെളിഞ്ഞു”വെന്നാക്കി.
ഭാവിയിൽ ലോകമെമ്പാ കോവിഡ്-19 വാക്സിൻ ഗവേഷണ – വികസനത്തിനായ് ലോകാരോഗ്യ സംഘടനയുടെ നേതത്വത്തിൽ പുരോഗമിക്കുന്ന 18 ബില്യൺ യുഎസ്ഡി സംരംഭം പുരോഗമക്കുകയാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ക്കുന്നതിനായാണ് ലോകാരോഗ്യ സംഘടന സെപ്തംബർ 21 ന് പത്ര സമ്മേളനം വിളിച്ചത്. 156 രാജ്യങ്ങൾ ഈ സംരഭവുമായി സഹകരിക്കുന്നുണ്ട്. പക്ഷേ ചൈനയോ യുഎസോ ഈ സംരംഭത്തിൽ പങ്കാളികളല്ല.
സിസിടിവിയുടെ വീഡിയോയും അത് സൃഷ്ടിച്ച വാർത്താ റിപ്പോർട്ടുകളും പോസ്റ്റുകളും ധാരാളം ഇതിനകം ചൈനീസ് ദേശസ്നേഹപരമായ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഡെയ്ലി ഇക്കണോമിക് ന്യൂസിന്റെ വെയ്ബോയിലെ ഒരു പോസ്റ്റിന് 337000 ലധികം ലൈക്കുകൾ. സ്പിക്ക് ഔട്ട് എച്ച്കെ (港人 講 ) ടുഡേ റിവ്യൂ (今日 as) എന്നീ ബീജിങ് അനുകൂല ഹോങ്കോങ്ങ് മാധ്യമങ്ങൾ വീഡിയോയെ അടിസ്ഥാനമാക്കി വാർത്തകൾ പ്രസിദ്ധീകരിച്ചു.
ഡോ. സ്വാമിനാഥന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന വസ്തുത വസ്തുതാന്വേഷണ ഡിജിറ്റൽ മീഡിയകൾ ചൂണ്ടിക്കാണിച്ചതോടെ സിജിടിഎൻ, സിസിടിവി എന്നിവയുൾപ്പെടെ ചില മാധ്യമങ്ങൾ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തു. കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗ് ഓഫ് ചൈനയും തങ്ങളുടെ ഡിജിറ്റിൽ പ്ലാറ്റ്ഫോമിൽ നിന്ന് പ്രസ്തുത പോസ്റ്റ് നീക്കം ചെയ്തു.
ലോകമെമ്പാടും 200 ഓളം കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. അവയിൽ പലതും ചൈനീസ് ലബോറട്ടറികൾ നിർമ്മിക്കുന്നു. അവരാരും ഇതുവരെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തികരിച്ചിട്ടില്ല. ഈ യഥാർത്ഥ വസ്തുത നിലനിൽക്കവെയാണ് തങ്ങളുടെ വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചുവെന്ന രീതിയിലുള്ള പ്രചരണത്തിനായ് ഡോ.സ്വാമിനാഥൻ്റെ വാക്കുകളെ ചൈനീസ് മൊഴിമാറ്റത്തിൽ വളച്ചൊടിച്ചത്.