ദുബായ്: രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്തയ്ക്ക് 37 റൺസിന്റെ ജയം. കൊൽക്കത്ത മുന്നോട്ടുവച്ച 175 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. 54 റൺസെടുത്ത ടോം കറൻ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ.
47 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ മികവിലാണ് കൊല്‍ക്കത്ത മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
രാജസ്ഥാനെതിരെ ഭേദപ്പെട്ട തുടക്കമാണ് ആദ്യ വിക്കറ്റില്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൊല്‍ക്കത്ത ഇന്നിങ്സ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. എന്നാല്‍ നിതീഷ് റാണയെ പുറത്താക്കി കഴിഞ്ഞ മത്സരത്തിലെ രാജസ്ഥാന്റെ ഹീറോ രാഹുല്‍ തെവാത്തിയ കളിയുടെ ഗതി തിരിച്ചു. റാണ 22 റണ്‍സ് നേടി. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ആര്‍ച്ചറും കളി രാജസ്ഥാന് അനുകൂലമാക്കി.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിനും കാര്യമായൊന്നും ചെയ്യാനായില്ല. ഒരു റണ്‍ മാത്രമെടുത്ത് താരം മടങ്ങി. 14 പന്തില്‍ നിന്നും 24 റണ്‍സെടുത്ത റസ്സലിനെ അങ്കിത് രജ്പുത് പുറത്താക്കി.
പിന്നീട് ഒത്തുചേര്‍ന്ന മോര്‍ഗനും പാറ്റ് കമ്മിന്‍സണും ചേര്‍ന്ന് 34 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ടീം വലിയ സ്കോറിലേക്ക് എത്തിയില്ല. ഇതിനിടെ മോര്ഗന് ട്വന്റി 20-യില്‍ 6500 റണ്‍സ് തികച്ചു. 12 റണ്‍സെടുത്ത കമ്മിന്‍സിനെ മികച്ച ഒരു ക്യാച്ചിലൂടെ സഞ്ജു പുറത്താക്കി.
അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത മോര്‍ഗനാണ് സ്കോര്‍ 170 കടത്തിയത്. 23 പന്തുകളില്‍ നിന്നും താരം 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനില്‍ ആദ്യ പന്ത് മുതൽ തന്നെ സ്ലോഗ് ചെയ്യാൻ ശ്രമിച്ച ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 3 റൺസെടുത്ത് മടങ്ങി. കമ്മിൻസിൻ്റെ പന്തിൽ കാർത്തികാണ് സ്മിത്തിനെ പിടികൂടിയത്. മൂന്നാം നമ്പറിൽ ഇറങ്ങിയ സഞ്ജുവും (8) മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ശിവം മവിയെ ഗാലറിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ സഞ്ജു നരേൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. റോബിൻ ഉത്തപ്പയും റിയാൻ പരഗും നഗർകൊടി എറിഞ്ഞ എട്ടാം ഓവറിൽ പുറത്തായി. ഉത്തപ്പയെ (2) ശിവം മവി പിടികൂടിയപ്പോൽ പരഗ് (1) ശുഭ്മൻ ഗില്ലിൻ്റെ കൈകളിൽ അവസാനിച്ചു.
കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുൽ തെവാട്ടിയയെ (14) വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കി. ശ്രേയാസ് ഗോപാലിനെ (5) നരേൻ കാർത്തികിൻ്റെ കൈകളിൽ എത്തിച്ചു. ജോഫ്ര ആർച്ചറിനെ (6) വരുൺ ചക്രവർത്തിയുടെ പന്തിൽ നഗർകൊടി അതിഗംഭീരമായി കയ്യിലൊതുക്കി. വരുണിനെതിരെ സിക്സർ ആവർത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ആർച്ചർ പുറത്തായത്. ഉനദ്കട്ടിനെ (9) നഗർകൊടിയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവും വിക്കറ്റ് വേട്ടയിൽ പങ്കുചേർന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി യുവതാരങ്ങളായ ശിവം മാവി, കംലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.