അബുദാബി: ടീം കൂടുതല്‍ പരിശീലനങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ടെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്. സൺറൈസേഴ്സ് ഹൈദരാബാദുമായി നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 15 റണ്‍സിന് പരാജയപ്പെട്ടതിനു പിന്നാലെയാണ് പോണ്ടിങ്ങിന്റെ പ്രതികരണം.
ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തിരുന്ന കെയ്ൻ വില്യംസൻ ടീമിലെത്തിയതും സ്പിന്നർ റാഷിദ് ഖാൻ ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് സൺറൈസേഴ്സിന്റെ തലവര മാറ്റിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ നേടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്. ഡൽഹിയുടെ മറുപടി നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസിൽ അവസാനിച്ചു.
നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാന്റെ പ്രകടനമാണ് ഡൽഹിക്ക് തിരിച്ചടിയായത്. ടോപ് സ്കോറർ കൂടിയായ ഓപ്പണർ ശിഖർ ധവാൻ (31 പന്തിൽ 34), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (21 പന്തിൽ 17), ഋഷഭ് പന്ത് (27 പന്തിൽ 28) എന്നിവരെയാണ് റാഷിദ് ഖാൻ വീഴ്ത്തിയത്.