ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു. കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
‘എല്ലാം നല്ല രീതിയില്‍ വരികയാണെങ്കില്‍ ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടും’ -സിസോദിയ ട്വീറ്റ് ചെയ്തു.
കോവിഡ് നെഗറ്റീവ് ആയെങ്കിലും ഒരാഴ്ച കൂടി വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 14നാണ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ലോക്നായക് ജയപ്രകാശ് നാരായണന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഡെംഗുപ്പനി കൂടി ബാധിച്ചതോടെ അദ്ദേഹത്തെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡല്‍ഹി സര്‍ക്കാരില്‍ കോവിഡ് ബാധിതനായ രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ. നേരത്തെ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ കോവിഡ് ബാധിച്ചിരുന്നു. ജൂണില്‍ കോവിഡ് ബാധിച്ച ജെയ്ന്‍ പ്ലാസ്മാ തെറാപ്പിയിലൂടെ രോഗമുക്തനായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനീഷ് സിസോദിയയ്ക്ക് സെപ്റ്റംബര്‍ 14ന് ചേര്‍ന്ന ഒരു ദിവസത്തെ ഡല്‍ഹി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നില്ല.