ഇസ്ലാമബാദ്: കള്ളപണ ഇടപ്പാടു കേസിൽ പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവ് ഷബാസ് ഷെരിഫ് അറസ്റ്റിൽ. ഇദ്ദേഹം പിഎംഎൽ – എൻ പാർട്ടി പ്രസിഡൻ്റുകൂടിയാണ്. ഏഴ് ദശലക്ഷം രൂപയുടെ കള്ളപണ ഇടപാടു കേസിൽ ലാഹോർ ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ് – ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരിഫിൻ്റെ സഹോദരനാണ് ഷബാസ് ഷെരിഫ്.
പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധ സമരങ്ങൾക്കിടെയാണ് ദേശീയ അഴിമതി വിരുദ്ധ ബ്യൂറോ കള്ളപണ കേസിൽ ഷബാസ് ഷെരിഫിനെ അറസ്റ്റ് ചെയ്യുന്നത്. കോടതി അങ്കണത്തിൽ വച്ചു തന്നെ പൊലിസ് ഷബാസ് ഷെരിഫിനെ അറസ്റ്റു ചെയ്തു. തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടെയാണ് അറസ്റ്റ്.
2008-2018 വരെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഷബാസ് ഷെരിഫിനെതിരെ കള്ളപണ കേസ് റജിസ്ട്രർ ചെയ്യപ്പെട്ടത് കഴിഞ്ഞയാഴ്ച്ച. വ്യാജ അക്കൗണ്ടു കളിലൂടെ ഷെരിഫും മകൻ ഹംസയും കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. ലാഹോർ ഹൈകോടതിയുടെ രണ്ടംഗ ബഞ്ചാണ് ഷെരിഫിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.