വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് നാസയുടെ അത്യാധുനിക ടോയ്ലറ്റ് സംവിധാനം -യൂണിവേഴ്സല്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം (UWMS) വിക്ഷേപണത്തിന് തയ്യാറാകുന്നു. സെപ്റ്റംബര്‍ 29 ന് വെര്‍ജിനിയയിലെ വിക്ഷേപണകേന്ദ്രത്തില്‍ ബഹിരാകാശ യാത്രികര്‍ക്കായുള്ള അവശ്യവസ്തുക്കളുമായി യാത്ര തിരിക്കുന്ന ബഹിരാകാശ വാഹനമായിരിക്കും പുതിയ ടോയ്ലറ്റ് സംവിധാനവും ബഹിരാകാശത്തെത്തിക്കുക.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി പദ്ധതികളില്‍ ഇത്തരം സംവിധാനം ഉപയോഗപ്പെടുത്താനാവുമോ എന്ന് പരിശോധിക്കുന്നതിനും കൂടിയാവും ഈ ടോയ്ലറ്റ് വിക്ഷേപണം. കൂടുതല്‍ ബഹിരാകാശ യാത്രികര്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ രൂപപ്പെടുത്തിയ യൂണിവേഴ്സല്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ചെറുതും സൗകര്യപ്രദവുമാണ്.
സ്വകാര്യ ബഹിരാകാശ യാത്രാ പദ്ധതികള്‍ക്ക് കൂടി ഈ ടോയ്ലറ്റ് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. 23 മില്യണ്‍ ഡോളറാണ് (ഏകദേശം 170 കോടി രൂപ) ഈ ടോയ്ലറ്റിന്റെ നിര്‍മാണചെലവ്. നിലവില്‍ ഉപയോഗിക്കുന്ന സംവിധാനത്തേക്കാള്‍ 65 ശതമാനം ചെറുതും 40 ശതമാനം ഭാരക്കുറവുള്ളതുമാണ് പുതിയ ടോയ്ലറ്റ്.
ബഹിരാകാശയാത്രികരുടെ വിയര്‍പ്പ്, മൂത്രം തുടങ്ങി എല്ലാ ദ്രവരൂപത്തിലുള്ള പദാര്‍ഥങ്ങളും റീ സൈക്കിള്‍ ചെയ്യാവുന്ന വിധത്തിലാണ് സംവിധാനമൊരുക്കിയിട്ടുള്ളതെന്ന് നാസയുടെ ബഹിരാകാശ യാത്രിക ജെസിക്ക മെയര്‍ പറഞ്ഞു. പത്ത് ബഹിരാകാശ യാത്രികരുള്പ്പെടുന്ന ആര്‍തെമിസ് II ചാന്ദ്രദൗതത്തിനായി മറ്റൊരു യുഡബ്ല്യുഎംഎസ് കൂടി ബഹിരാകാശത്തേക്ക് അയക്കാന്‍ നാസ തയ്യാറെടുക്കുകയാണ്.