ബീജിങ്: ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലാത്ത കോവിഡ് -19 വാക്സിൻ ചൈന തങ്ങളുടെ ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചുകഴിഞ്ഞു. അധ്യാപകര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവര്‍ എന്നിവര്‍ക്കാവും അടുത്തഘട്ടത്തില്‍ വാക്സിന് ഡോസ് നല്‍കുകയെന്നാണ് സൂചന.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിച്ചാണ് വാക്സിന് ഡോസ് നല്കാന് തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാക്സിന് സ്വീകരിച്ചവര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി അറിയാന്‍ കഴിഞ്ഞുവെന്ന് ഓസ്ട്രേലിയ മര്‍ഡോക് ചില്‍ഡ്രന്‍സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡോ. കിം മുല്ഹോല്ലണ്ട് പറഞ്ഞു.
ഇനിയും കൂടുതല്‍ ആളുകള്‍ക്ക് വാക്സിന് നല്‍കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ വിതരണം ചെയ്യുന്ന വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് വരും ദിവസങ്ങളില്‍ തെളിയിക്കപ്പെടുമെന്നാണ് വാക്സിന് വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.
അതേസമയം വാക്സിന് വിതരണത്തിനുള്ള ചൈനീസ് സര്‍ക്കാരിന്റെ ധൃതിയില്‍ ആഗോള ആരോഗ്യവിദഗ്ധരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്കായി ആളുകള്‍ക്ക് നല്കുന്നതല്ലാതെ ഒരു രാജ്യവും ഇതുവരെ സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്സിന് വിപുലമായ രീതിയില്‍ ആളുകളില്‍ കുത്തിവെച്ചിട്ടില്ല. നിലവില്‍ വിതരണം ചെയ്തിരിക്കുന്ന പല വാക്സിനുകള്‍ അവസാനഘട്ട പരീക്ഷണത്തിലാണുള്ളത്. തെളിയിക്കപ്പെടാത്ത വാക്സിന് കുത്തിവെക്കുന്നത് പാര്ശ്വഫലങ്ങള്ക്കിടയാക്കിയേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.