തൃശൂർ ജില്ല പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്ന് വിദേശത്ത് ഉന്നത വിദ്യാഭ്യസമാർജ്ജിച്ചവരേറെ. മെഡിക്കൽ വിദ്യാഭ്യാസം ഇതിൽ മുഖ്യം. മെഡിക്കൽ വിദ്യാഭ്യാസത്തിനായ് ചൈനയിൽ ചേക്കേറിയവർ കുറവല്ല. ഗ്രാമ പഞ്ചായത്തിൽ നിന്ന് 12 ഓളം പേർ ചൈനീസ് മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ മെഡിക്കൽ വിദ്യാർത്ഥികൾ.
ഡോ. ആൻ മരിയ ജോസഫ്. ചൈന ഷാങ്കായ് മെഡിക്കൽ സ്കൂൾ ഓഫ് നിങ്ബോ യൂണിവേഴ്സിറ്റിയിലായിരുന്നു ആൻ മരിയുടെ എംബിബിഎസ് പഠനം. 2013 ലാണ് ആൻമരിയ എംബിബിഎസിനായി ചൈനയിലെത്തിയത്. ഏജൻസി മുഖേനയാണ് ചൈനയിൽ പ്രവേശനം നേടിയത്.
ചൈനയിലെ എംബിബിഎസ് പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ഡോ. ആൻ മരിയ ജോസഫ് ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻ്റെ ഇന്ത്യൻ ഡോക്ടർ യോഗ്യതാ പരീക്ഷയും പാസ്സായി. ഇതോടെ ഡോ. ആൻ മരിയ ജോസഫ് ഇന്ത്യൻ ഡോക്ടർ.
ചൈനയിൽ മെഡിക്കൽ പഠനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻ്റെ സ്ക്രിനിങ് ടെസ്റ്റ് പാസ്സാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇന്ത്യൻ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുവാനാകൂ. വർഷത്തിൽ രണ്ടു തവണയാണ് സ്ക്രനിങ് ടെസ്റ്റ്. ഏറ്റവുമൊടുവിൽ ഈ ആഗസ്തിൽ നടന്ന സ്ക്രിനിങ് ടെസ്റ്റിലാണ് ആൻമരിയ പാസ്സായത്.
എംബിബിഎസ് സിലബസിനെ കേന്ദ്രീകരിച്ചായിരിക്കണം സ്ക്രിനിങ് ടെസ്റ്റ്. പകരം ബിരുദാനന്തര ബിരുദ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ഈ ടെസ്റ്റിലേറെയും. ഇത്തവണ ടെസ്റ്റ് എഴുതിയ 30000 പേരിൽ ഒമ്പതു ശതമാനം മാത്രമാണ് ജയിച്ചത്. ഏതാണ്ട് 1500 പേർ.
2019 ഡിസംബറിലെ സ്ക്രിനിങ് ടെസ്റ്റിൽ ജയിച്ചത് 30 ശതമാനം മാത്രം. ഓരോ വർഷം കഴയുംതോറും സ്ക്രിനിങ് ടെസ്റ്റ് കടുപ്പമേറിയതാവുകയാണ്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാകണം ചൈനയിൽ നിന്നടക്കം എംബിബിഎസ് പൂർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തുന്നവർ മെഡിക്കൽ കൗൺസിലിൻ്റെ സ്ക്രിനിങ് ടെസ്റ്റിന് ഒരുങ്ങേണ്ടത് – ആൻ മരിയ സ്ക്രിനിങ് ടെസ്റ്റിനെക്കുറിച്ചുള്ള അനുഭവങ്ങൾ വിവരിക്കുന്നു.
സ്ക്രിനിങ് ടെസ്റ്റ് പിജി ലെവലായതിനാൽ അതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ തുടർ പഠനത്തിന് ഏറെ ഗുണം ചെയ്യും. അഞ്ചു വർഷ എംബിബിഎസ് കോഴ്സിലെ 19 വിഷയങ്ങൾ ആറു മാസത്തിനുള്ളിൽ വീണ്ടും പഠിച്ചാണ് ഇന്ത്യയിലെ സ്ക്രിനിങ് ടെസറ്റിന് ഒരുങ്ങുന്നത്. ഇതേറെ ആത്മവിശ്വാസമാർജ്ജിക്കുന്നതിന് സഹായകരമാണെന്നാണ് ആൻമരിയയുടെ പക്ഷം.
സ്ക്രിനിങ് ടെസ്റ്റ് പാസ്സായ ആൻ മരിയ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻ്റെ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ റജിസ്ട്രർ ചെയ്യണം. ശേഷം കേരളത്തിൽ ഇൻ്റേൺഷിപ്പ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ മാത്രമാണ് ഇൻ്റേൺഷിപ്പ് നിർബ്ബന്ധമെന്ന് ആൻമരിയ പറയുന്നു.
തുടക്കത്തിൽ ബാച്ചിൽ 110 പേർ ഇന്ത്യക്കാരുണ്ടായിരുന്നു. മൂന്നാം വർഷമായപ്പോഴത് 85 ആയി. മൂന്നു വിഷയങ്ങളിൽ തോറ്റവർക്ക് അടുത്ത സെമസ്റ്ററിൽ പ്രവേശനം ലഭിക്കാതെ പോയി. പരീക്ഷയിൽ തോറ്റാൽ സേ പരീക്ഷയുണ്ട്. അതിലും പാസ്സായില്ലെങ്കിൽ ‘വാഷ് ഔട്ട്’ – അതായത് കോളേജിൽ നിന്ന് പുറത്താക്കൽ. ഇങ്ങനെയാണ് 110 ൽ നിന്ന് 85 ആയി ചുരുങ്ങിയത്. വാഷ് ഔട്ട് ആയവർക്ക് പ്രവേശനം നൽകുന്ന മെഡിക്കൽ കോളേജുകളുമുണ്ട് ചൈനയിൽ – ആൻമരിയ വിശദീകരിക്കുന്നു
പഠന മാധ്യമം ഇംഗ്ലിഷ്. പക്ഷേ ചൈനീസ് ഭാഷ പഠിക്കേണ്ടതുണ്ട്. ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുമ്പോൾ രോഗികളുമായി ഇടപഴകണം. ഇതിനായി ചൈനീസ് ഭാഷ അനിവാര്യം. ആദ്യ മൂന്നു വർഷമാണ് ചൈനീസ് ഭാഷാപഠനം.
ഇന്ത്യൻ എംബിബിഎസ് പഠന രീതിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ചൈനയിലേത് – പ്രത്യേകിച്ചും പരീക്ഷകളുടെ കാര്യത്തിൽ. ഇന്ത്യൻ എംബിബിഎസ് പരീക്ഷകളെ അപേക്ഷിച്ച് ചൈനീസ് പരീക്ഷകൾ തീർത്തും കടുപ്പമേറിയതാണ്. സെമസ്റ്റർ പരീക്ഷകളിൽ ഇന്ത്യയിൽ 30 ശതമാനമാണ് പാസ് മാർക്ക്. ചൈനയിൽ പക്ഷേ 60 ശതമാനം മാർക്ക് ലഭിച്ചെങ്കിലേ പാസ്സാകാനാകൂവെന്ന് ആൻ മരിയ.
ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ആശുപത്രികളിലെ പ്രാക്ടിക്കൽ ക്ലാസ് രണ്ടാം സെമസ്റ്ററിൽ തുടങ്ങും. ചൈനയിലത് മൂന്നാം വർഷത്തിലാണ്. 15 ഫാക്കൽറ്റി വിഭാഗങ്ങളുടെ ശിക്ഷണത്തിൽ ഏഴോളം ആശുപത്രികളിലായിരുന്നു പ്രാക്ടിക്കൽ ക്ലാസുകൾ. അയർലൻ്റിൽ നിന്നുള്ളവരുൾപ്പെടെയായിരുന്നു ഫാക്കൽറ്റി അംഗങ്ങൾ.
നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ആശുപത്രി പ്രാക്ടിക്കൽ ക്ലാസുകളെക്കാൾ ഉന്നത നിലവാരത്തിലുള്ളതാണ് ചൈനീസ് മെഡിക്കൽ കോളേജുകളിലെ ആശുപത്രി പ്രാക്ടിക്കൽ ക്ലാസുകൾ-ആൻമരിയ അവകാശപ്പെടുന്നു. ചൈനയിൽ പഠിച്ച് ഇവിടെത്ത സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെ അനുഭവ സാക്ഷ്യത്തിൻ്റെ പിൻബലത്തിലാണ് ആൻമരിയുടെ ഈ അവകാശവാദം.
നമ്മുടെ നാട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജുകളാണ് കുടുതൽ. സർക്കാർ മെഡിക്കൽ കോളേജുകൾ പൊതുവെ കുറവാണെല്ലോ. ചൈന പോലുള്ള രാജ്യങ്ങളിൽ പക്ഷേ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളാണ് ഏറെയും. അത്യാധുനിക സൗകര്യങ്ങളാൽ അതിസമ്പന്നമാണ് ചൈനീസ് ആശുപത്രികളും മെഡിക്കൽ കോളേജ് ആശുപത്രികളും. ഇവിടെത്ത സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളുൾപ്പെടെയുള്ളവ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നവയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ – ആൻമരിയ നാട്ടിലെയും ചൈനയിലെയും ആശുപത്രികളെ താരതമ്യം ചെയ്യുന്നു.
വിദേശങ്ങളിൽ പഠിക്കുകയെന്നത് നല്ലൊരു അനുഭവം തന്നെയാണ്. ജോർദാൻ, റഷ്യ, ആഫ്രിക്ക, അയർലൻ്റ്, സ്വീഡൻ, ഉസ്ബിക്ക് സ്ഥാൻ, കാസാക്കിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള സഹപാഠികളോടൊപ്പമായിരുന്നു ആൻ മരിയയുടെ എംബിബിഎസ് പഠനം. പഠനാന്തരീക്ഷത്തിൽ സമ്പുഷ്ഠമായ സാംസ്ക്കാരിക വിനിമയവും സുസാധ്യമാക്കപ്പെട്ടുവെന്ന ധന്യമായ അനുഭവമാണ് ആൻ മരിയ്ക്ക് പങ്കുവയ്ക്കുവാനുള്ളത്.
നാട്ടിലെ അപേക്ഷിച്ച് എംബിബിഎസിന് ഫീസ് കുറവാണ്. ഒരുപ്പാട് അവസരങ്ങൾ ലഭിക്കും. ഒരുപ്പാട് നല്ല അനുഭവങ്ങളും. ഇതെല്ലാo വിദേശ മെഡിക്കൽ പഠനത്തിൻ്റെ പ്ലസ് പോയിൻ്റുകളാണ്. പക്ഷേ ചൈന – റഷ്യ പോലെയുള്ള രാഷ്ട്രങ്ങളിലെ കഠിനമായ തണുപ്പ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നത് പ്രധാനമാണ്. ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ഈ കാലാവസ്ഥ വില്ലനായി മാറുന്നവസ്ഥയുണ്ട് – ചൈനയുൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ മെഡിസിന് പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളോട് ആൻ മരിയ പറയുന്നു.
നാട്ടിൽ തന്നെ മെഡിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം ചെയ്യുവാനുള്ള ആഗ്രഹത്തിലാണ് ആൻ മരിയ. പീഡിയാട്രിക്സിൽ അതല്ലെങ്കിൽ ഗൈനകോളജിയിൽ സ്പഷലൈസേഷനാണ് ആഗ്രഹം.
സാധാരണ കർഷക കുട്ടുകുടംബത്തിലെ അംഗമാണ് ഡോ.ആൻ മരിയ. വാണിയമ്പാറ പ്ലാക്കോട് സ്വദേശി. പിജെ ജോസഫ് – എൽസി ദമ്പതിമാരുടെ മകളാണ് ആൻ മരിയ. ജോസഫിൻ്റെ പിതാവ്. അമ്മ. സഹോദരി. ഇവരെല്ലാമടങ്ങുന്ന കൂട്ടുകുടുംബം. ജോസഫ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം. രണ്ട് സഹോദരിമാർ. അനീറ്റ. അലീന. അനീറ്റ ഇസാഫ് ബാങ്ക് ജീവനക്കാരി. അലീന പ്ലസ് ടുവിന് ശേഷം നീറ്റ് പരീക്ഷ റിസൾട്ടിനായി കാത്തിരിക്കുന്നു.
തൃശൂർ ജില്ല കൊമ്പഴ സെൻ്റ് മേരീസ് പബ്ലിക്ക് സ്കൂളിലാണ് എൽകെജി മുതൽ ഏഴാം ക്ലാസുവരെ ആൻമരിയ പഠിച്ചത്. തുടർന്ന് പാലക്കാട് കാണിക്ക മാതാ ഹൈസ്കൂളിലും തൃശൂർ സെൻ്റ് ക്ലയേഴ്സിലും.
കേരളത്തിലെ ഗ്രാമങ്ങളിൽ ഗൾഫ് പണത്തിൻ്റെ സ്വാധീനം ശ്രദ്ധേയം. തൃശൂർ ജില്ല പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇതിൽ നിന്ന് വ്യത്യസ്തം. ഗൾഫ് സ്വാധീനത്തേക്കാൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പ്രധാനം അമേരിക്കൻ ഡോളറിൻ്റെയും യൂറോയുടെയും പൗണ്ടിൻ്റെയും സ്വാധീനം.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മലയോര ഗ്രാമം. ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് വിദേശനാണ്യത്തിൻ്റെയും ഒപ്പം കാർഷിക മേഖലയുടെയും പിൻബലം. ഇതാകട്ടെ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് രചനാത്മകമായി പ്രതിഫലിക്കുന്നുവെന്നതിൻ്റെ നേർസാക്ഷ്യ പട്ടികയിലെ പേരുകളിലൊന്നാണ് ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ഡോ.ആൻ മരിയ ജോസഫ്.