ദുബൈ: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് തകർപ്പൻ ജയം. 97 റണ്‍സിനാണ് പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് 17 ഓവറില്‍ 109 റണ്‍സിന് അവസാനിച്ചു.
നാലു റണ്‍സിനിടെ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ വന്നപാടെ മടങ്ങിയപ്പോള്‍ 2.4 ഓവറില്‍ നാല് റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലായി. 27 പന്തില്‍ ഒരു സിക്സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്കോറര്‍.
നേരത്തെ, നായകന് കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. 69 പന്തില്‍ ഏഴ് സിക്സും 14 ബൗണ്ടറിയും പറത്തി 132 റണ്‍സെടുത്ത രാഹുല്‍ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും സ്വന്തമാക്കി. എണ്‍പതുകളില്‍ രാഹുല്‍ നല്കിയ രണ്ട് അനായാസ ക്യാച്ചുകള്‍ കൈവിട്ട് ബാംഗ്ലൂര്‍ നായകന് വിരാട് കോലിയാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സില്‍ വില്ലാനായത്.