അജയ് ദേവ്ഗണ് കജോള്‍ റൊമാന്റിക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദില്‍ ക്യാ കരേയ്ക്ക് ഇന്ന് 21 വയസ് തികയുന്നു. കല്യാണത്തിനുശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രമായിരുന്നു ദില്‍ ക്യാ കരേ. താര ദമ്പതികളുടെ സ്ക്രീന്‍ കെമസ്ട്രിയില് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രത്തില്‍ കഥയുടെ അവസാനം ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല.
”ഞാന്‍ കശ്മീരിലേക്ക് പോയ ആദ്യത്തേതും അവസാനത്തേയും സമയമായിരുന്നു അത്. എത്ര മനോഹരമായ സ്ഥലം. ഒരു പ്രണയകഥയ്ക്ക് അനുയോജ്യമായ സ്ഥലം. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു ? 21YearsOfDilKyaKare. ‘ നടി ട്വിറ്ററില്‍ കുറിച്ചു.
അജയുടെ മാതാപിതാക്കളായ വീരുവും വീണ ദേവ്ഗനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജതിന്-ലളിതിന്റെ സംഗീതത്തില്‍ പ്രകാശ് ജ ായാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രത്തില്‍ മഹിമ ചൗധരിയാണ് അജയിയുടെ ഭാര്യയായി എത്തിയത്. കജോള്‍ അജയിയുടെ ജീവിതത്തിലെ മറ്റൊരു സ്ത്രീയായി വേഷമിട്ടു.
ചിത്രത്തിന്റെ ഭാഗമായി കശ്മീര്‍ കൂടാതെ ബെംഗളൂരുവിലും ഷൂട്ടിംഗ് നടന്നിരുന്നു. ഇതിനിടയിലാണ് ഒരു ട്രക്ക് കാറിലേക്ക് ഇടിച്ചുകയറി ചിത്രത്തിലെ നായികയായ മഹിമ ചൗധരിയ്ക്ക് അപകടം സംഭവിക്കുന്നത്. അപകടത്തെപ്പറ്റി മഹിമ പിങ്ക് വില്ലയോട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അപകടം നടന്ന സമയത്ത് എനിക്ക് തോന്നി ഞാന്‍ മരിക്കുമെന്ന്. എന്നെ ആശുപത്രിയില്‍ എത്തിക്കാനോ സഹായിക്കാനോ ആരും തന്നെയുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിയതിനു ശേഷമാണ്, എന്റെ അമ്മയും അജയ്യും വന്നത്. അവര്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. ആ സമയം ഞാന്‍ എഴുന്നേറ്റ് കണ്ണാടിയില്‍ എന്നെ ഒന്ന് നോക്കി,ആ കാഴ്ച്ച ഞാന്‍ ഒരിക്കലും മറക്കില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം 67 ഗ്ലാസ് കഷ്ണങ്ങളാണ് അവര്‍ പുറത്തെടുത്തത്.’ അവര്‍ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം മഹിമ സുഖം പ്രാപിക്കാന്‍ വളരെയധികം സമയമെടുത്തു, സൂര്യപ്രകാശം ഒഴിവാക്കാന്‍ വീടിനുള്ളില്‍ തന്നെ കഴിയേണ്ടിവന്നു. ”ആ സമയത്ത് ഞാന്‍ ചെയ്യാനിരുന്ന ഒരുപാട് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. ആളുകള്‍ അപകടത്തെപ്പറ്റി അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല, കാരണം അക്കാലത്ത് അവര്‍ അത്ര അധികം പിന്തുണച്ചിരുന്നില്ല, അവര്‍ പോര്‍ട്ടലിനോട് പറഞ്ഞു.