കാബൂള്: തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട താലിബാൻ പ്രവർത്തകർ വീണ്ടും സായുധ കലാപ പ്രവർത്തനങ്ങളിൽ സജീവമായതായി അഫ്ഗാൻ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുള്ള അബ്ദുള്ള. അഫ്ഗാഗാൻ – താലിബാൻ സമാധാന ചർച്ചകളുടെ വ്യവസ്ഥകൾക്ക് വിധേയമായി തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരാണ് സായുധകലാപത്തിൽ സജീവമായിട്ടുള്ളത് – അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഖത്തറിൽ ഇതുവരെ നടന്ന താലിബാൻ – അഫ്ഗാൻ സമാധാന ഉടമ്പടി ചർച്ച ക്രിയാത്മകമാണെന്ന് അഫ്ഗാൻ ദേശീയ അനുരജ്ഞന കൗൺസിൽ ചെയർമാൻ അബ്ദുള്ള പറഞ്ഞു. ഖത്തർ സമാധാന ഉടമ്പടി ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്.
സമാധാന ഉടമ്പടി ചർച്ചയുടെ വ്യവസ്ഥയെന്ന നിലയിൽ 5000ത്തോളം താലിബാൻ പ്രവർത്തകരെ തടങ്കലിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇവരിൽ ഒരു വിഭാഗം ആയുധം കയ്യിലെടുത്ത് കാബൂളിനെതിരെയുള്ള അക്രമ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായിട്ടുണ്ട്. ഇത് സമാധാന ചർച്ചാവ്യവസ്ഥകളുടെ ലംഘനമാണ്-യുഎസ് വിദേശബന്ധ കൗൺസിൽ വെർച്ചൽ യോഗത്തിൽ അനുരജ്ഞന കൗൺസിൽ ചെയർമാൻ അബ്ദുള്ള പറഞ്ഞു.
വെടിനിറുത്തലുൾപ്പെടെയാണ് ഖത്തർ സമാധാന ചർച്ചയിലെ അജണ്ടകൾ. യുഎസും പാക്കിസ്ഥാനും ചർച്ചയിൽ ഭാഗധേയത്വം വഹിക്കുന്നുണ്ട്. സമാധാന ചർച്ച പുരോഗമിക്കുമ്പോഴും താലിബാൻ അക്രമ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ലെന്നു മാത്രമല്ല അത് ശക്തിപ്പെടുത്തുകയാണ് താലിബാൻ സായുധ കലാപകാരികൾ.
സെപ്തംബർ 20 ന് താലിബാൻ്റെ ആക്രമണത്തിൽ 57 സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു. ഒട്ടനവധി ജനങ്ങൾക്ക് പരിക്കേറ്റു. ഇത് അഫ്ഗാൻ ജനതക്ക് അംഗീകരിക്കുവാനാകില്ല. ചർച്ചാ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ് – അബ്ദുള്ള വ്യക്തമാക്കി.
താലിബാൻ സായുധ കലാപങ്ങളിൽ നിന്നുവിട്ടു നിൽക്കാത്തതും ഐസ് – അൽ ഖ്വയ്ദ ബന്ധം തുടരുന്നതും സമാധാന ചർച്ചകൾക്ക് വിഘാതമാണെന്ന് യുഎസ് ഭരണകൂടവും വിലയിരുത്തുന്നുണ്ട്.
12000 ത്തോളം യുഎസ് സൈനീകർ അഫ്ഗാനിൽ വിന്യസിക്കപ്പെട്ടിരുന്നു. ട്രംപ് ഭരണകൂടം ഇതിൻ്റെ വലിയൊരു വിഭാഗത്തെ പിൻവലിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ 4500 ഓളം അമേരിക്കൻ സൈനീകർ ഇപ്പോഴും ശേഷിക്കുന്നുണ്ട്.
ശേഷിക്കുന്ന യുഎസ് സൈനികരെയും പിൻവലിക്കുവാനുള്ള ആലോചനയിലാണ് ട്രംപ് ഭരണകൂടം. ഇത് പക്ഷേ പുരോഗമിക്കുന്ന അഫ്ഗാൻ – താലിബാൻ സമാധാന ചർച്ചകളുടെ വിജയകരമായ പരിസമാപ്തിക്ക് വിധേയമായിരിക്കുമെന്ന് സമാധാന ചർച്ചയിൽ ഭാഗധേയത്വം വഹിക്കുന്ന മുഖ്യ അമേരിക്കൻ ഉദ്യോഗസ്ഥൻ സൽമി ഖലിസദ് പറഞ്ഞു.