ജനീവ: കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ വരുമാനത്തിൽ വൻ ഇടിവുണ്ടാക്കിയതിനെ തുടർന്ന് അസമത്വം വർദ്ധിക്കുന്നതായി യുഎൻ ഏജൻസി ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) മുന്നറിയിപ്പു നൽകുന്നു.
ചില വികസിത രാഷ്ട്രങ്ങൾ സാമ്പത്തിക പാക്കേജുകളിലൂടെ സമ്പദ് വ്യവസ്ഥകളെ സജീവമാക്കുന്നതിനായി ശ്രമിച്ചു. ഒട്ടുമിക്ക രാഷ്ട്രങ്ങൾക്കുമിതിന് ശേഷിയില്ലാതെ പോയത് സാമൂഹിക-സാമ്പത്തിക അസമത്വം വർദ്ധിക്കുന്നതിന് മുഖ്യ കാരണമായെന്നും ഐഎൽഒ വിവരിക്കുന്നു – എപി ന്യൂസ്.
2020 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഗോള തൊഴിൽ വരുമാനം 3.5 ട്രില്യൺ ഡോളറായി കുറഞ്ഞു. മുൻ വർഷത്തെക്കാൾ 11 ശതമാനം കുറവ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും അമേരിക്കൻ രാജ്യങ്ങളിലുമാണിതേറെ പ്രകടമായത്.
സാമ്പത്തിക ഉത്തേജക പാക്കേജുകൾ സമ്പന്ന രാജ്യങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വികസ്വര രാജ്യങ്ങൾക്ക് അത്തരം നടപടികൾ സ്വീകരിക്കാൻ പരിമിതമായ ശേഷിയെയുള്ളൂ-സമ്പന്ന രാജ്യങ്ങളുമായുള്ള സാമ്പത്തിക വിടവ് നികത്താൻ വികസ്വര രാജ്യങ്ങൾക്ക് ഒരു ട്രില്യൺ ഡോളർ ഉത്തേജക പാക്കേജ് ആവശ്യമാണെന്നും ഐഎൽഒ പറയുന്നു.
രാഷ്ട്രങ്ങൾക്കിടയിലെ ധനപരമായ ഉത്തേജക വിടവുകളെ ഏറെ ആശങ്കാജനകമായാണ് നിരീക്ഷിക്കുന്നത്. പകർച്ചവ്യാധി ലഘൂകരിച്ചുകഴിഞ്ഞാൽ വീണ്ടും മികച്ച ലോക ധ്രുവം പടുത്തുയർത്തണം – ഇത് ഐഎൽഒ ഡയറക്ടർ ജനറൽ ഗൈ റൈഡറുടെ വാക്കുകൾ.
മഹാമാരി തീർത്തത് ഉയർന്ന തൊഴിലില്ലായ്മ. ദാരിദ്ര്യം. അസമത്വം. ഈയൊരവസ്ഥ സാമൂഹിക നിരാശബോധവും രാഷ്ട്രീയ അസംതൃപ്തിയും വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലുണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിൽ സമ്പന്ന രാജ്യങ്ങൾക്കും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾക്കും സഹായിക്കുവാനാകും. ഈ ദിശയിൽ സമ്പന്ന രാജ്യങ്ങളുടെ താരതമ്യേന ചെറിയ ശ്രമം പോലും വിഭവങ്ങൾ സമാഹരിക്കാൻ പ്രാപ്തിയുള്ള രാജ്യങ്ങളിൽ അസാധാരണമായ വ്യത്യാസം സൃഷ്ടിക്കുമെന്ന് റൈഡർ പറഞ്ഞു.