വാഷിങ്ടണ്: എഫ്-35 യുദ്ധവിമാനങ്ങൾ യുഎഇക്ക് വിൽക്കുവാനുള്ള നീക്കം ശക്തിപ്പെടുത്തുകയാണ് യുഎസ് ഭരണകൂടം. ഡിസംബർ ആദ്യവാരത്തിൽ യുഎസ്-യുഎഇ എഫ്-35 കച്ചവടക്കരാർ ഒപ്പുവെക്കപ്പെട്ടേക്കുമെന്ന് റഷ്യൻ ടിവി റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ നിർമ്മിത അത്യന്താധുനിക യുദ്ധസാമഗ്രികൾ അറബ് മേഖലയിൽ ഇസ്രായേലിനൊഴികെ മറ്റൊരു രാജ്യത്തിന് നൽകില്ലെന്ന അമേരിക്കൻ ഉറപ്പ് നിലവിലുണ്ട്. അമേരിക്കൻ ഭരണകൂട മധ്യസ്ഥതയിൽ ആഗസ്ത് 13 ന് ഒപ്പുവയ്ക്കപ്പെട്ട യുഎഇ-ഇസ്രായേൽ ഉടമ്പടിയിലും ഇത് ഉറപ്പിച്ചിട്ടുണ്ട്.
എന്നാൽ യുഎഇക്ക് ഫ് 35 യുദ്ധവിമാനങ്ങളുടെ വില്പന സുസാധ്യക്കുന്നതിനായി ഉടമ്പടിയിലെ സാധ്യമായ സർവ്വ പഴുതുകളും തേടുന്ന തിരക്കിലാണ് ട്രംപ് ഭരണകൂടം. ഇസ്രായേലിൻ്റെ എതിർപ്പുകൾക്കിടയിലും യുഎഇയും യുഎസും ഡിസംബറോടെ പ്രാഥമിക എഫ് -35 കരാറിലെത്തിയേക്കുമെന്ന റിപ്പോർട്ടാണ് ശക്തിപ്പെടുന്നത്.
യുഎസിൽ നിന്ന് യുഎഇ അഞ്ചാം തലമുറ ജെറ്റ് വാങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകളിലെ പുരോഗതി സെപ്തംബർ 22 ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിതിരുന്നു. ഡിസംബർ രണ്ടിന് യുഎഇ ദേശീയ ദിനമാണ്. അതിനുമുമ്പായി യുഎഇ-യുഎസ് എഫ്-35 കരാർ ഒപ്പുവയ്ക്കുന്നതിനായുള്ള ചർച്ചകൾ സജീവമാണ്.
യുഎഇക്കുള്ള എഫ് 35 യുദ്ധവിമാന വില്പന പരമ്പരാഗത കൂട്ടാളിയായ ഇസ്രായേലിനെ മുഷിപ്പിയ്ക്കാതെ എങ്ങനെ സാധ്യമാക്കാമെന്നത് യുഎസ് ഭരണകൂടത്തിനൊരു കടമ്പ തന്നെയാണ്. വാഷിങ്ടണിന്റെ വിദേശനയത്തിൽ ചില പ്രത്യേകതരം മിലിട്ടറി നിയന്ത്രണങ്ങളുണ്ട്. ഇസ്രായേലിന്റെ എതിരാളികൾക്ക് നൂതന സൈനിക ഉപകരണങ്ങളുടെ വിൽപ്പനയെ നിയന്ത്രിക്കുകയാണിത്.
സാങ്കേതിക മികവിലൂടെ ഒന്നിലധികം ശത്രുക്കളെ ഒറ്റയടിക്ക് പ്രതിരോധിക്കാനുള്ള ശേഷി ഇസ്രായേലിന് മാത്രം പ്രാപ്യമാക്കി നൽകുന്ന ഉത്തരവാദിത്തം യുഎസിന് എന്നവസ്ഥ. യുഎസ് ഭരണകൂടം തങ്ങളുടെ ദീർഘകാല മിഡിൽ ഈസ്റ്റ് സഖ്യകക്ഷിയെ പ്രകോപിപ്പിക്കാതെ യുഎഇക്കുള്ള എഫ്-35 വില്പന കരാർ സാധ്യമാക്കിയെടുക്കുവാൻ സർവ്വതന്ത്രങ്ങളും മെനയുകയാണ്.
ഇസ്രായേലി റഡാർ സംവിധാനങ്ങൾക്ക് എഫ് 35 കൂടുതൽ ദൃശ്യമാക്കാനുള്ള വഴികൾ ഇതിലുൾപ്പെടുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. ഇസ്രായേലിൻ്റെ റഡാറിൽ എളുപ്പത്തിൽ തെളിയാവൂന്ന എഫ്-35 എന്നതെങ്ങിനെയെന്നതിൽ അവ്യക്തതയുണ്ട്. കുറഞ്ഞ നിരീക്ഷണക്ഷമതയിലേക്ക് എഫ്-35 ൻ്റെ പുന:രൂപ കല്പനക്ക് യുഎസ് ഒരു പക്ഷേ ഒരുങ്ങിയേക്കാം. അതല്ലെങ്കിൽ ഇസ്രായേലി റഡാർ സംവിധാനങ്ങളൂടെ ദൃശ്യശേഷി നവീകരിച്ചുനൽകാൻ യുഎസ് തയ്യാറായേക്കാമെന്നാണ് റോയിട്ടേഴ്സ് സൂചിപ്പിക്കുന്നത്.
നിർദ്ദിഷ്ട ആയുധ വില്പ നയെക്കുറിച്ചോ കൈമാറ്റങ്ങളെക്കുറിച്ചോ സ്ഥിരീകരിക്കുവാൻ പെന്റഗൺ തയ്യാറായിട്ടില്ല. എങ്കിലും യുഎഇ – ഇസ്രായേൽ ഉടമ്പടിക്ക് ദല്ലാൾ പണിയെടുത്തതിൻ്റെ പ്രതിഫലമെന്നോണം യുഎഇയുമായുള്ള ആയുധ കച്ചവട സാധ്യത പരമാവധി ഉപയോഗപ്പെടുത്താൻ യുഎസ് ഭരണകൂടം മുതിരുക തന്നെ ചെയ്യും -പ്രത്യേകിച്ചും കൊറോണ മഹാമാരിയുടെ പ്രത്യാഘാതത്തിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ ആടിയുലയുന്ന സാഹചര്യത്തിൽ.
തന്റെ രാജ്യത്തിനും അമേരിക്കൻ തൊഴിൽ സാധ്യതകൾക്കും ഗുണകരമാകുന്നിടത്തോളം കാലം ജെറ്റുകൾ എമിറേറ്റുകൾക്കോ മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്കോ വിൽക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇസ്രായേൽ-യുഎഇ സമാധാന കരാർ സംബന്ധിച്ച ചർച്ചകൾക്കിടെ യുഎഇ-യുഎസ് നിർദ്ദിഷ്ട ആയുധ ഇടപാടിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. യുഎഇയുമായുള്ള സമാധാന കരാറിൽ ആയുധ കരാറുകളെക്കുറിച്ചുള്ള ഉപകരാറുകളുൾപ്പെടുത്തിയിട്ടില്ല. ഇസ്രായേലിന്റെ ഗുണപരമായ രാജ്യരക്ഷ താല്പര്യങ്ങൾ എല്ലായ്പ്പോഴും സംരക്ഷിക്കുമെന്ന് യുഎസ് ഇസ്രായേലിനോട് വ്യക്തമാക്കിയിട്ടുള്ളതുമാണ്- നെതന്യാഹു ആഗസ്തിൽ പറഞ്ഞു.