വാഷിംഗ്ടൺ: ഫേസ്ബുക്ക് റെയ്ബനുമായി കൈകോര്‍ക്കുന്നു. റെയ്ബാൻ ഗ്ലാസുകളുടെ നിർമ്മാതാക്കളായ ലക്സോട്ടിക്കയുമായി ചേർന്ന് ഫേസ്ബുക്ക് സ്മാർട്ട് ഗ്ലാസുകൾ വിപണിയിലെത്തിക്കും. 2021 ആദ്യത്തോടെ ഗ്ലാസുകൾ വിപണിയിലിറക്കും. ഫേസ്ബുക്ക് കണക്ട് വിർച്വൽ കോൺഫറൻസിലാണ് കമ്പനി ഇക്കാര്യം അറിയിച്ചതെന്ന് ‘ദിഇന്ത്യൻ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്മാർട്ട് ഗ്ലാസ് വിപണിയിലെത്തിക്കാനായി ഫേസ്ബുക്കും ലക്സോട്ടിക്കയും ഒരുമിച്ച് പ്രവർത്തിക്കും. മികച്ച സാങ്കേതിക വിദ്യയെ മികച്ച ഗ്ലാസുമായി ഒരുമിപ്പിക്കാൻ സഹായിക്കുന്നതിന് ശരിയായ പങ്കാളികൾ ലക്സോട്ടിക്കയാണെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് അറിയിച്ചു. റെയ്ബാൻ ബ്രാൻഡ് ഉത്പന്നമായിട്ടായിരിക്കും സ്മാർട്ട് ഗ്ലാസുകൾ വിപണിയിലെത്തിക്കുക.
ഗ്ലാസിൽ ഇന്റഗ്രേറ്റഡ് ഡിസ്പ്ലേ ഉണ്ടാകില്ല. വോയ്സ് അസിസ്റ്റന്റ് അടിസ്ഥാനമാക്കിയായിരിക്കും ഇത് പ്രവർത്തിക്കുകയെന്നാണ് വിവരം. ഗ്ലാസുകൾ സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. സ്നാപ് സ്പെക്ടാക്കിൾസ്, ആമസോൺ എക്കോ ഫ്രെയിംസ് എന്നിവയ്ക്ക് സമാനമായിട്ടായിരിക്കും പ്രവർത്തന രീതിയെന്നാണ് റിപ്പോര്‍ട്ട്.