തുര്‍ക്കി ഏകാധിപതി റസീപ് തയ്യിപ് ഏര്‍ദോഗന് ഇന്ത്യയുടെ കശ്മീരിലൊരു കണ്ണ്. കശ്മീരിലെ ജനങ്ങളോട് ഏര്‍ദഗോ ന്റെ തുര്‍ക്കിക്ക് സഹാനുഭൂതി. ഇന്ത്യയിലേക്ക് പ്രത്യേകിച്ചും കശ്മീരിലേക്ക് തുര്‍ക്കിയുടെ മനുഷ്യകാരുണ്യ കയറ്റുമതി. അതെ ഏര്‍ദോഗന് ഇന്ത്യയുടെ കശ്മീരിലെന്താണ് കാര്യം? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുവാനുള്ള പരിശ്രമത്തിലാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍.
ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് സജീവമായിട്ടുള്ള തുര്‍ക്കിയുടെ മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവം. ഇതേക്കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധനകള്‍ തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുണ്ട്.
ഏഴു പതിറ്റാണ്ടിലധികമായി നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്ന പരിഹാരം സംഭാഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് 74-ാമത് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെ തുര്‍ക്കി പ്രസിഡന്റ് റസീപ് തയ്യിപ് ഏര്‍ദോഗന്‍ അഭിപ്രായപ്പെട്ടിരുന്നു. 2019 സെപ്തംബര്‍ 24 നാണ് പാക്കിസ്ഥാനെ പിന്തുണച്ച് കശ്മീര്‍ പ്രശ്‌നം യുഎന്‍ പൊതുസഭയില്‍ ഉന്നയിക്കപ്പെട്ടത്. കശ്മിര്‍ പ്രശ്‌നം രാജ്യാന്തര മണ്ഡലത്തില്‍ ഉയര്‍ത്തികാണിച്ച ഏര്‍ദോഗനോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്താനും മറന്നില്ല. ഏര്‍ദോഗന്റെ പാക്ക് വക്കാലത്തിനെതിരെ ഇന്ത്യ ശക്തമായ അപലപിച്ചുവെന്നതും രാജ്യാന്തര രാഷ്ട്രീയത്തില്‍ കണ്ടു.
ഏര്‍ദോഗന്റെ പ്രസ്താവനക്ക് ശേഷമാണ് തുര്‍ക്കി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനകള്‍ കശ്മീരില്‍ മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ഇതിനെ പക്ഷേ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനകള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കശ്മീരില്‍ സജീവമായിട്ടുള്ള തുര്‍ക്കി സന്നദ്ധ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന വ്യക്തികളുടെ വിശദ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുകയാണ്. തുര്‍ക്കി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ താല്പര്യങ്ങള്‍ എന്തെന്നതടക്കം സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം.
തിരിച്ചറിഞ്ഞ ഗ്രൂപ്പുകള്‍ക്കും അവയുമായി ബന്ധമുണ്ടെന്നു കരുതുന്ന വ്യക്തികള്‍ക്കുമെതിരെ അതീവ സൂക്ഷ്മതയേറിയ അന്വേഷണവും നടക്കും. രണ്ടാംഘട്ടത്തിലായിരിക്കും ഇതിനകം ലഭ്യമായ വിദേശ ഫണ്ടുകളെയും അതിന്റെ ഉപയോഗത്തെയുംകുറിച്ചുള്ള വിശദമായി അന്വേഷണം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തുര്‍ക്കി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
കശ്മീരിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തുര്‍ക്കിയുമായി ബന്ധമുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ദ്ധനവുണ്ടായതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിയുടെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിയുമായി (എകെ പാര്‍ട്ടി) ബന്ധപ്പെട്ട സന്നദ്ധ സംഘടനകളും ഇന്ത്യയില്‍ സജീവമാണ്. ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്റെ കശ്മിര്‍ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കപ്പെടുന്നുണ്ടെന്ന നിരീക്ഷണങ്ങള്‍ രാജ്യാന്തര രാഷ്ട്രീയ വേദികളില്‍ നിന്നുയരുന്നുണ്ട്. ഈ നിരീക്ഷണങ്ങള്‍ ശരിവയ്ക്കുംവിധം കശ്മീരിനെക്കുറിച്ച് ഇന്ത്യാവിരുദ്ധ റിപ്പോര്‍ട്ടുകളും വിശകലനങ്ങളും തുര്‍ക്കി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടുതാനും. ഇന്ത്യാവിരുദ്ധ വാര്‍ത്തകളും ലേഖനങ്ങളും പടച്ചു വിടുന്നതിനായി കശ്മീര്‍ വിഘടനവാദികളെ തുര്‍ക്കി ദേശീയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ ശക്തമായ സൂചനകളും പ്രകടമാണ്.
ഇക്കഴിഞ്ഞ റംസാന്‍ വേളയിലെ സഹായ വിതരണത്തിലൂടെ കശ്മീരികളുമായി ബാന്ധവം സൃ ഷ്ടിച്ചെടുക്കുന്നതിനായി തുര്‍ക്കി സന്നദ്ധ സംഘടനകള്‍ ശ്രമിച്ചുവെന്നു ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പുതുക്കിയ പൗരത്വ നിയമം, തുടര്‍ന്നുണ്ടായ ദില്ലിയിലേതടക്കുള്ള കലാപങ്ങള്‍, വിദ്വേഷ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള വെബ്നാറുകളും പരിപാടികളും സംഘടിപ്പിക്കുന്നതിലും തുര്‍ക്കി സന്നദ്ധ സംഘടനകള്‍ വ്യാപൃതരാണെന്നതും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയിലുണ്ട്.
തുര്‍ക്കിയുടെ ഭാഗത്തുനിന്ന് ഇന്ത്യയെ മുന്‍നിറുത്തിയുള്ള ഓണ്‍ലൈന്‍ ഇടപെടലുകളും സോഷ്യല്‍ മീഡിയ പ്രചരണങ്ങളും പ്രകോപനപരമാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. വ്യത്യസ്ത വീക്ഷണകോണുകള്‍ അവതരിപ്പിക്കുന്ന ചര്‍ച്ചകളല്ല. ഇസ്ലാമോഫോബിയയെ ചുറ്റിപ്പറ്റി ഇന്ത്യാവിരുദ്ധ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനായി ഓണ്‍ലൈന്‍ മീഡിയകള്‍ തുര്‍ക്കി സന്നദ്ധ സംഘടനകള്‍ ഉപയോഗപ്പെടുത്തുവെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം ആദ്യം പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ പ്രക്ഷോഭങ്ങളോട് മോദി സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ക്കെതിരെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും ഭിന്നസ്വരമുയര്‍ത്തിയിരുന്നു. മുസ്ലിം കൂട്ടക്കൊലകള്‍ വ്യാപകമായി നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഈ കൂട്ടക്കൊലകള്‍ പക്ഷേ ആരാല്‍ എന്ന ചോദ്യമാണ് ഏര്‍ദോഗന്‍ ഉയര്‍ത്തിയത്. ഏര്‍ദോന്റെ ഉത്തരം – ഹിന്ദുക്കള്‍. ഫെബ്രുവരിയില്‍ അങ്കാറയില്‍ നടത്തിയ പ്രസംഗത്തിലാണ് എര്‍ദോഗന്‍ ഈ ചോദ്യവും ഉത്തരവും വിളിച്ചുപറഞ്ഞത്.
ഏര്‍ദോഗന്റെ ഈ പ്രസ്താവനയെ നിരുത്തരവാദ പ്രസ്താവനയായാണ് ഇന്ത്യ കണ്ടത്. ഇതിനു പിന്നില്‍ ഏര്‍ദോഗന്റെ രാഷ്ട്രീയ അജണ്ടകള്‍ പതിയിരിക്കുന്നുണ്ടെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ ഒരു രാഷ്ട്രത്തലവനില്‍ നിന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇന്ത്യ പറഞ്ഞുവച്ചു. ഇന്ത്യ സൂചിപ്പിച്ച ഏര്‍ദോഗന്റെ അജണ്ടയില്‍ നിന്ന് തുര്‍ക്കിയുടെ ആധിപത്യത്തില്‍ ആഗോള ഇസ്ലാമിക സാമ്രാജ്യ മോഹമെന്നതാണ് വായിച്ചെടുക്കപ്പെടുന്നത്.
ആഗോള തലത്തില്‍ ഇസ്ലാമിക ലോകത്ത് സൗദി അറേബ്യയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന നിലപാടിലാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. സൗദിയെ മറികടന്ന് തുര്‍ക്കിയെ ആഗോള ഇസ്ലാമിക ശക്തിയാക്കുകയെന്നതും ഏര്‍ദേഗാന്റ രാഷ്ട്രീയ ലക്ഷ്യം. ആഗോള ലക്ഷ്യ സാധൂകരണ ദിശയില്‍ അങ്കാറയുടെ സ്വാധീനം ലോകമാസകലം വിപുലീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഏര്‍ദോഗന്‍ പാക്ക് പക്ഷം പിടിച്ച് കശ്മീരില്‍ ഇടപ്പെടാന്‍ ശ്രമിക്കുന്നതെന്നുള്ള നിരീക്ഷണങ്ങള്‍ രാജ്യാന്തര രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നത് ശ്രദ്ധേയം. മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് കശ്മീരിലെ ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉശിര് കൂട്ടാന്‍ ഏര്‍ദോഗന്‍ മുതിരുന്നതിന് പിന്നില്‍ ഏര്‍ദോഗന്‍ ലക്ഷ്യം വയ്ക്കുന്ന ആഗോള ഇസ്ലാമിക സാമ്രാജ്യ സംസ്ഥാപനമെന്ന മോഹത്തിന്റെ ലക്ഷണങ്ങളാണോയെന്ന സംശയങ്ങയള്‍ ഉയരാതിരുന്നിട്ടില്ല.
ആഗോളതലത്തില്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് പിന്തുടരുവാനു നുള്ള മാതൃകയായി ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യ പാരമ്പര്യങ്ങളുടെ പുനര്‍നിര്‍മ്മിതി വര്‍ത്തമാനകാല യാഥാസ്ഥിതിക തുര്‍ക്കി അധിപതി ഏര്‍ദോഗന്റെ ഉന്നംവയ്ക്കുന്നുണ്ടെന്ന കിംമ്പതന്തികള്‍ രാജ്യാന്തര രാഷ്ട്രീയത്തില്‍ അലയടിക്കുന്നുണ്ട്.
ചരിത്രത്തില്‍ മറഞ്ഞുപോയ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തെ പുനര്‍നിര്‍മ്മിച്ച് അതിന്റെ അധിപതിയാകുവാനുള്ള തന്ത്രങ്ങള്‍ ഏര്‍ദോഗന്റെ അധികാരത്തിന്റെ അന്ത:പുരങ്ങളിലേറന്നുവെന്നും പറയപ്പെടുന്നുണ്ട്. ഇസ്ലാമോഫോബിയ – ഇസ്ലാമിനോട് വിദ്വേഷം – മെന്നതിനെ പരമാവധി പെരുപ്പിച്ച് ഇസ്ലാമിനിടയില്‍ ആശങ്ക പരത്തി ഇസ്ലാമിനെ ഐക്യപ്പെടുത്തി തുര്‍ക്കിയുടെ ആധിപത്യത്തില്‍ ആഗോള ഇസ്ലാമിക സമ്രാജ്യമെന്നതിലേക്ക് നടന്നുകയറുകയെന്നത് ഏര്‍ദ്യോഗന്‍ എന്ന ഏകാധിപതിക്ക് എളുപ്പമാകില്ല.
ലോകാമാസകലം പ്രത്യേകിച്ചും പടിഞ്ഞാറന്‍ ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഇസ്ലാമിക – അറബ് രാഷ്ട്ര ഭരണാധികാരികള്‍ തങ്ങളുടെ പരമാധികാരത്തിനു മേല്‍ കണ്ണുവയ്ക്കുന്നവര്‍ക്കെതിരെ പരമാവധി ശക്തി സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തുടരുവോളം ഏര്‍ദോഗനെന്നല്ല ഒരു ഇസ്ലാമിക ഭരണാധികാരിക്കും ആഗോള ഇസ്ലാമിക സാമ്രാജ്യമെന്ന മോഹം സുസാധ്യമാക്കുകയെന്നത് അസാധ്യമായ ദൗത്യമായി അവശേഷിക്കും. കശ്മിരിലെ ഏര്‍ദോഗന്റെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥത അല്ലെങ്കില്‍ യാഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്തുവാനുള്ള ഇന്ത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ ഇസ്ലാമോഫോബിയയുടെ അനുരണനങ്ങള്‍ കടന്നുകൂടാതിരുന്നാല്‍ നന്ന്.