ന്യൂഡൽഹി:ഡ്രഡ്ജർ അഴിമതിക്കേസിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിന് ഒരു മാസം കൂടി സമയം നീട്ടി നൽകി.അന്വേഷണം നീളുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.മുൻ ഡിജിപി ജേക്കബ് തോമസ് പ്രതി സ്ഥാനത്തുള്ള കേസിൽ അന്തിമ റിപ്പോർട്ട് നൽകാൻ സമയം പലതവണ നീട്ടി നൽകിയില്ലേയെന്നും കോടതി ചോദിച്ചു.
തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം. വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരിക്കുമ്പോൾ ഉന്നതരായ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തി കേസെടുത്തിന്റെ പേരിലുള്ള പകപോക്കലാണ് തനിക്കെതിരായ ആരോപണങ്ങളെന്നാണ് ജേക്കബ് തോമസ് സുപ്രീംകോടതിയിൽ മുൻപ് നൽകിയ സത്യവാങ്മൂലത്തിലും പറയുന്നത്.
ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ സുപ്രധാന തെളിവുകളോ രേഖകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലൻസ് സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ ഡയറക്ടർ പദവിയിലിരിക്കുമ്പോൾ വിദേശ കമ്പനിയിൽ നിന്നു ഡ‍്രഡ്ജർ വാങ്ങിയ ഇടപാടിൽ സംസ്ഥാന സർക്കാരിന് 20 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ജേക്കബ് തോമസിനെതിരായ ആരോപണം.
ഹോളണ്ടിലെ കമ്പനിയുമായി കരാർ ഉണ്ടാക്കാൻ ജേക്കബ് തോമസ് പ്രത്യേകം താൽപര്യമെടുത്തു എന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കേസിൽ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാരും സത്യൻ വരവൂരുമാണു സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.