വാഷിംഗ്ടണ്‍: ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് ഞായറാഴ്ച മുതല്‍ യു.എസില്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും വിവരങ്ങള്‍ ചൈനയ്ക്കു ചോര്ത്തുവെന്നും ആരോപിച്ചാണ് അമേരിക്ക ആപ്പ് നിരോധിക്കുന്നതെന്ന് ‘ദി ഗാര്ഡിയന്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആപ്പുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവ് യു.എസ് വാണിജ്യ വകുപ്പ് ആപ്പിളിനും ഗൂഗിളിനും നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ ചൈനയും രണ്ട് കമ്ബനികളും ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ദേശീയ സുരക്ഷയുടെ ഭാഗമായാണ് നിരോധനമെന്ന് അമേരിക്കന്‍ ഭരണകൂടം പറയുമ്ബോള്‍ രാഷ്ട്രീയ പ്രേരരിതമാണെന്ന് ടിക് ടോക് ആരോപിക്കുന്നു.
രാജ്യസുരക്ഷ, വിദേശനയം, സമ്ബദ്വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്തതായി യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു. ഏതൊരു പ്ലാറ്റ്ഫോമിലെയും ഏത് പ്ലേ സ്റ്റോറിലൂടെയും ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വിലക്കും. രാജ്യസുരക്ഷ, വിദേശനയം, യുഎസ് സമ്ബദ്വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്തതു- വില്‍ബര്‍ റോസ് കൂട്ടിച്ചേര്‍ത്തു.
ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ ടിക്ടോക്കുമായി ഒരുമിക്കാനുള്ള ഒരു അമേരിക്കന്‍ കമ്ബനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ടിക്ടോക് ഉള്‍പ്പെടെയുളള 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് യു.എസും ആപ്പുകള്‍ നിരോധിച്ചത്.