യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ “ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ” ഈ വർഷം വെർച്ച്വലായി നടത്തും. കലാമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വെർച്ച്വൽ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമത്സരവേദി ഒരുക്കുന്നത്.
ഇന്ത്യയിലെ രാമോജി ഫിലിം സിറ്റി, യുഎഇയിലെ വിവിധ വേദികൾ തുടങ്ങിയവയിലായിരുന്നു മത്സരങ്ങൾ ഇതുവരെ സംഘടിപ്പിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ കണക്കിലെടുത്താണ് വെർച്വൽ വേദിയിലൂടെ ഈ വർഷം മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
ഈ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ചലച്ചിത്ര മേഖലയിൽ ഉള്ളവരുമായി പരിചയപ്പെടാനുള്ള മികച്ച അവസരങ്ങൾ ഇൻഡിവുഡ് വഴി ലഭ്യമാക്കിയിരുന്നു.
രണ്ടായിരത്തിപ്പത്തൊൻപതിൽ നടന്ന മത്സരത്തിൽ രണ്ടായിരത്തോളം ഫൈനലിസ്റ്റുകൾ ഉണ്ടായിരുന്നു. രണ്ട് മില്ല്യണിലധികം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ കലാപ്രകടനങ്ങൾ വീക്ഷിയ്ക്കുകയും ചെയ്തിരുന്നു.
ഈ വർഷത്തെ സാംസ്കാരിക കലോത്സവത്തിൽ , സംഗീതം, നൃത്തം, കല, അഭിനയം, സോഷ്യൽ മീഡിയ എന്നിവയടക്കമുള്ള മത്സര ഇനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സംഗീത മത്സരവിഭാഗത്തിൽ വോക്കൽ, ഇൻസ്ട്രുമെന്റ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് താല്പര്യം ഉള്ള മേഖല തിരഞ്ഞെടുത്ത് അതിൽ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
നൃത്ത വിഭാഗത്തെ കഥക്, ഭരതനാട്യം, നാടോടി, പടിഞ്ഞാറൻ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ വിഭാഗത്തിലുള്ള മത്സരങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. മറ്റുള്ള മത്സരങ്ങൾ യുഎഇ കേന്ദ്രീകരിച്ചുള്ളവയായിരിക്കും.
ഓൺലൈൻ വോട്ടിംഗും യു ട്യൂബ് സ്ട്രീമിംഗ് റൗണ്ടും നവംബർ ഒന്ന് മുതൽ പത്ത് വരെ നടക്കും.
ഈ തീയതികളിലെ പ്രാഥമിക മത്സരങ്ങളിലൂടെ നവംബർ 27, 28 തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്ന ഗ്രാൻഡ് ഫൈനലിലേക്കുള്ള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും.
രജിസ്ട്രേഷൻ, സബ്മിഷൻ എന്നിവയ്ക്ക് സെപ്റ്റംബർ 31 വരെ അവസരമുണ്ടാവും.
താല്പര്യമുള്ള മത്സരാർഥികൾക്ക് താഴെപ്പറയുന്ന വെബ്സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും.