പ്രമുഖ പണക്കൈമാറ്റ ആപ്പ്ളിക്കേഷനായ പേടിഎമ്മിന്റെ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ നിബന്ധനകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. താത്കാലികമായി മാത്രമാണ് ആപ്പ് നീക്കം ചെയ്തതെന്നും ഉടന്‍ തിരികെ വരുമെന്നും പേടിഎം അറിയിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മുന്നോടിയായി പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരില്‍ ഫാന്റസി ക്രിക്കറ്റ് ആരംഭിച്ചതിനു പിന്നാലെയാണ് ഗൂഗിളിന്റെ നടപടി. തങ്ങള്‍ ചൂതാട്ടം അനുവദിക്കില്ലെന്ന് ഗൂഗിള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഗൂഗിളിന്റെ നടപടിക്ക് പിന്നാലെ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പേടിഎം വിശദീകരണവുമായി എത്തി. താത്കാലിമായി പേടിഎം ഗൂഗിള്‍ പേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ ഉടന്‍ തിരികെ വരും. എല്ലാവരുടെയും പണം സുരക്ഷിതമാണ്. പതിവു പോലെ നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കാം.